ന്യൂഡല്‍ഹി: “ഭാരത് മാതാ കി ജയ്’ വിളിക്കാത്തവരുടെ വോട്ടുകള്‍ക്ക് വിലയില്ലെന്ന് ഹരിയാനയിലെ ബിജെപി സ്ഥാനാർഥി. നടിയും ടിക് ടോക് താരവുമായ സൊനാലി ഫോഗട്ടാണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം ഹരിയാനയിലെ ബൽസാമണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. പ്രചാരണത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റ സൊനാലി, കൂടിയിരിക്കുന്നവരോടു ‘ഭാരത് മാതാ കീ ജയ്’ എന്ന് ഏറ്റുപറയാൻ ആവശ്യപ്പെട്ടു. എന്നാൽ ചിലർ പ്രതികരിച്ചില്ല. തുടർന്നായിരുന്നു സൊനാലിയുടെ വിവാദ പരാമർശം.
രോഷാകുലയായ സൊനാലി ജനങ്ങള്‍ക്കു നേരെ കടുത്ത വാക്കുകള്‍ പ്രയോഗിച്ചു. “നിങ്ങള്‍ പാക്കിസ്ഥാനില്നിന്നുള്ളവരാണോ? നിങ്ങള്‍ ഇന്ത്യക്കാരാണെങ്കില്‍ നിര്‍ബന്ധമായും ഭാരത് മാതാ കി ജയ് വിളിക്കണം’ എന്നിങ്ങനെയായിരുന്നു സൊനാലിയുടെ വാക്കുകള്‍.
തുടര്‍ന്നു സൊനാലി മുദ്രാവാക്യം വിളിച്ചപ്പോഴും ചിലര്‍ പ്രതികരിച്ചില്ല. ഇതോടെ വീണ്ടും രോഷംകൊണ്ട സൊനാലി “നിങ്ങളെപ്പോലെ ചീഞ്ഞ രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തിനു ജയ് വിളിക്കാത്ത ചില ഇന്ത്യക്കാരെയോര്‍ത്ത് എനിക്കു ലജ്ജ തോന്നുന്നു. ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ വോട്ടിനു വിലയില്ല’ എന്നും പറഞ്ഞു. നിങ്ങള്‍ക്കു നിങ്ങളോടു തന്നെ ലജ്ജ തോന്നണമെന്നും ടിക് ടോക് താരം കൂട്ടിച്ചേര്‍ത്തു.
നേരത്തേ, പ്രചാരണത്തിനിടെ അദംപുർ മണ്ഡലത്തെ യുപിയിലെ അമേഠി ലോക്സഭാ മണ്ഡലവുമായി താരതമ്യം ചെയ്ത സൊനാലിയുടെ പ്രസംഗവും ശ്രദ്ധനേടിയിരുന്നു. കോൺഗ്രസ് ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ബിജെപിയുടെ സ്മൃതി ഇറാനി വിജയിച്ചതു പോലെ അദംപുരിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നായിരുന്നു സൊനാലിയുടെ അവകാശവാദം.