ദുല്‍ഖര്‍ സല്‍മാന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ സോയ ഫാക്ടര്‍ അടുത്തയാഴ്ച്ച തിയറ്ററുകളിലെത്തും. സോനം കപൂറാണ് ദുല്‍ഖറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സിനിമയുടെ പ്രചരണ പരിപാടിയുടെ തിരക്കിലാണ് ഇരുവരും. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോനം കപൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ദുല്‍ഖര്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് തന്നെ തനിക്ക് പരിചയമുണ്ടെന്നും സോനം പറഞ്ഞു.
‘എല്ലാവരും കരുതിയിരിക്കുന്നത് സോയ ഫാക്ടറിലൂടെയാണ് തങ്ങള്‍ പരിചയപ്പെട്ടത് എന്നാണ്. എന്നാല്‍ അങ്ങനെയല്ല. ഇമ്രാന്‍ ഖാനൊപ്പം ഞാന്‍ ഒരിക്കല്‍ സിംഗപ്പൂരില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ദുല്‍ഖറിനെ കണ്ടിരുന്നു. അന്ന് അദ്ദേഹം സിനിമയില്‍ വന്നിട്ടില്ല. ഞങ്ങള്‍ക്ക് ഒരുപാട് പൊതു സുഹൃത്തുക്കളുണ്ട്. ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് നകുല്‍ എന്റെ ബാല്യകാല സുഹൃത്താണ്. ഞാന്‍ നകുലിനൊപ്പം ദുല്‍ഖറിനെ കണ്ടിട്ടുണ്ട്. അന്ന് സിംഗപ്പൂരില്‍ വച്ച് ആ കാര്യം പറഞ്ഞാണ് ഞങ്ങള്‍ പരിചയപ്പെട്ടതെന്നും സോനം പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഞാന്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ശ്രമം തുടങ്ങിയിട്ട്. എന്നാല്‍ അദ്ദേഹം ഒരുപാട് സിനിമകള്‍ നിരസിച്ചൂവെന്നും സോനം പറഞ്ഞു.എന്നാല്‍ ഇതിന് മറുപടിയായി നിരസിച്ചതല്ല തനിക്ക് ഡേറ്റ് പ്രശ്നമുണ്ടായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. അതുകൊണ്ടാണ് വൈകിയതെന്നും ദുല്‍ഖര്‍ പറഞ്ഞു.
സോയ ഫാക്ടറില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റന്‍ നിഖില്‍ ഘോഡ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.ഇരുവരും ഒന്നിച്ചുള്ള ‘സോയാ ഫാക്ടര്‍’ പ്രൊമോഷന്‍ അഭിമുഖങ്ങളും മറ്റും ഇപ്പോള്‍ മുംബൈയില്‍ നടന്നു വരികയാണ്. ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.