കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കും. ബുധനാഴ്ച്ച ജയ്പൂരിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ സോണിയയെ അനുഗമിക്കും.
ഇന്ന് രാവിലെ കോണ്‍ഗ്രസ് നേതാക്കള്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയിലെത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥി പേര് സംബന്ധിച്ച് ചര്‍ച്ച കുടിക്കാഴ്ച്ചയില്‍ നടന്നു. സോണിയാ ഗാന്ധി, ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരുടെ പേരുകള്‍ക്കാണ് സാധ്യത. സോണിയ തങ്ങളുടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഹിമാചല്‍ പ്രദേശ്, തെലങ്കാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാജസ്ഥാനില്‍ നിന്ന് മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നുവെന്നാണ് വിവരം.
15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 നാണ് നടക്കുക. ഫെബ്രുവരി 15ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.