സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക്; നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അഭിഷേക് മനു സിംഗ്വി, ഡോ. അഖിലേഷ് പ്രസാദ് സിങ്, ചന്ദ്രകാന്ത് ഹാന്‍ഡോര്‍ എന്നിവരും രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സോണിയയുടെയും മറ്റ് നേതാക്കളുടെയും സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചു.

അഖിലേഷ് പ്രസാദ് സിങ് ബിഹാറില്‍ നിന്നും അഭിഷേക് മനു സിംഗ്വി ഹിമാചല്‍ പ്രദേശില്‍ നിന്നും ചന്ദ്രകാന്ത് ഹാന്‍ഡോര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും ഒരു സീറ്റില്‍ ജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിനുള്ളത്. ഈ സീറ്റിലാണ് സോണിയ മത്സരിക്കുന്നത്. ലോക്സഭയിലേക്ക് അഞ്ച് തവണ വിജയിച്ചു കയറിയ 77കാരിയായ സോണിയ ആദ്യമായാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി മത്സരിച്ചേക്കില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷയായിരിക്കേ 1999ലാണ് സോണിയാ ആദ്യമായി ലോക്സഭയിലേക്കെത്തിയത്. ഗാന്ധി കുടുംബത്തില്‍ നിന്ന് രണ്ടാമത്തെയാളാണ് രാജ്യസഭയിലേക്ക് എത്തുന്നത്. 1964 മുതല്‍ 1967 വരെ ഇന്ദിരാ ഗാന്ധി രാജ്യസഭാംഗമായിരുന്നു.

Top