ന്യൂഡല്‍ഹി: ജെഎന്‍യു സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രി മുഖംമൂടി ധാരികള്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയ, യുവാക്കളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം നിരന്തര ശ്രമം നടത്തുന്നുവെന്നു ആരോപിച്ചു. അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എത്രത്തോളം പോകുമെന്നതിന്റെ തെളിവാണ് ജെ.എന്‍.യുവെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്റെ സഹായത്തോടെയാണ് ഗുണ്ടകള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ച് വിട്ടതെന്നും സോണിയ ആരോപിച്ചു. ജെഎന്‍യുവിലെ അക്രമത്തെക്കുറിച്ച് സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം, അര്‍ഹിക്കുന്ന ജോലി കിട്ടണം. മികച്ച ഭാവിയുണ്ടാകണം. അവര്‍ക്ക് സമ്പന്നമായ ജനാധിപത്യത്തിന്റെ ഭാഗമാകാനുള്ള അവകാശമുണ്ട്. ഖേദകരമെന്ന് പറയട്ടെ, മോദി സര്‍ക്കാര്‍ അവരുടെ ആഗ്രഹങ്ങള്‍ ഒന്നും നേടിക്കൊടുക്കാന്‍ കഴിയാതെ അവരെ ശ്വാസംമുട്ടിക്കുകയാണ്-സോണിയ കുറ്റപ്പെടുത്തി.
ഞായറാഴ്ച രാത്രിയാണ് ജെഎന്‍യുവില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ആയുധങ്ങളുമായി മുഖംമൂടി ധരിച്ച യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥികളെയും അധ്യാപകരെയും ആക്രമിക്കുകയായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷേ ഘോഷ് ഉള്‍പ്പെടെ 34ലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു.