കോവിഡ്; സര്‍ക്കാരുകള്‍ ഉറക്കമുണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡിനെതിരെ പോരാടാന്‍ രാജ്യവാപകമായ നയം രൂപപ്പെടുത്തണമെന്നും ഇതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉറക്കമുണര്‍ന്ന് അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും സോണിയ ഗാന്ധി പറഞ്ഞു. തൊഴിലാളികളുടെ കുടിയേറ്റം അവസാനിപ്പിക്കണം. പ്രതിസന്ധി അവസാനിക്കുന്നതു വരെ അവരുടെ അക്കൗണ്ടുകളില്‍ കുറഞ്ഞത്, 6,000 രൂപ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കണമെന്ന് സോണിയ ആവശ്യപ്പെട്ടു. ‘രാജ്യത്തുടനീളം പരിശോധന വര്‍ധിപ്പിക്കുകയും മെഡിക്കല്‍ ഓക്‌സിജനും മറ്റ് ഉപകരണങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ക്രമീകരിക്കുകയും വേണം. ആളുകളെ രക്ഷിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിനേഷന്‍ നല്‍കണം. വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്താന്‍ നിര്‍ബന്ധിത വാക്‌സിന്‍ ലൈസന്‍സ് നല്‍കണം. ജീവന്‍ രക്ഷിക്കാനുള്ള മരുന്നുകളുടെ കരിഞ്ചന്ത നിര്‍ത്തലാക്കണം.

പകര്‍ച്ചവ്യാധി കാരണം ലക്ഷക്കണക്കിന് ആളുകളാണ് മരിച്ചത്. ഈ പരീക്ഷണ കാലത്ത് നമ്മള്‍ പരസ്പരം സഹായിക്കാന്‍ തയാറാകണം. മിക്ക സംസ്ഥാനങ്ങളിലും മെഡിക്കല്‍ ഓക്‌സിജന്‍, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവയുടെ അഭാവമുണ്ടെന്നും അവര്‍ പറഞ്ഞു.

എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച ചെയ്ത ശേഷം കോവിഡിനെതിരെ പോരാടാന്‍ രാജ്യവ്യാപകമായി ഒരു നയം തയാറാക്കണം. നമ്മുടെ രാജ്യം പലവിധ പ്രതിസന്ധികളെ മറികടന്നതാണ്. ഇതും മറികടക്കാനാകും. കോവിഡിനെതിരായ പോരാട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിന് കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണയുമുണ്ടാകും’ സോണിയ ഗാന്ധി പറഞ്ഞു.

 

Top