ഡൽഹി : ഡൽഹിയിൽ വായു മലിനീകരണവും, കോവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു. ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്നാണ് സോണിയ ഗാന്ധി ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.
നെഞ്ചില്‍ ഗുരുതരമായ അണുബാധയുള്ളതിനാലാണ് സോണിയ ഗാന്ധിക്ക് ഡോക്ടര്‍മാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ വായു മലിനീകരണം കുറയുന്നത് വരെ ചൂടുള്ള സ്ഥലത്ത് സോണിയ ഗാന്ധിയെ താമസിപ്പിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഒരു മാസത്തോളമായി സോണിയ ഗാന്ധിക്ക് ചെസ്റ്റ് ഇൻഫെക്ഷൻ ഉണ്ട്. ഇതിന് ചികിത്സയും നടക്കുന്നുണ്ട്. ജൂലൈ 30 ന് ഇവരെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് സെപ്തംബർ 12 ന് അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോയി . ഈ സമയം സോണിയക്കൊപ്പം രാഹുൽ ഗാന്ധിയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സെപ്റ്റംബര്‍ 14 മുതല്‍ 23 വരെ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിച്ചിരുന്നുമില്ല. ഡൽഹിയിൽ നിന്ന് താമസം മാറ്റുമ്പോഴും ഒപ്പം രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ കാണുമെന്നും വിവരമുണ്ട്. പാര്‍ട്ടിയിലെ ചില നേതാക്കള്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യം ഉയര്‍ത്തിയ ഘട്ടത്തിലാണ് സോണിയ ഡല്‍ഹിയില്‍ നിന്ന് മാറിനിൽക്കുന്നത്.