മോദിക്കു മുമ്പ് ഇന്ത്യ വെറും തമോ ഗര്‍ത്തമോ ..?; ബിജെപിക്കെതിരെ വിമര്‍ശനവുമായി സോണിയ

sonia

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് ഇന്ത്യ വെറും തമോഗര്‍ത്തം മാത്രമായിരുന്നോയെന്നും, മുന്‍ സര്‍ക്കാരുകള്‍ ഇന്ത്യയില്‍ ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപിയുടെ വാദം രാജ്യത്തെ ജനങ്ങളുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യടുഡെയുടെ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍ .

‘2014 മെയ് 16ന് മുമ്പ് ഇവിടെ ഒന്നുമുണ്ടായിരുന്നില്ലേ? ഇന്ത്യ വലിയൊരു തമോഗര്‍ത്തം മാത്രമായിരുന്നോ? ഈ അവകാശവാദം നമ്മുടെ ബുദ്ധികൂര്‍മ്മതയെ പരിഹസിക്കുന്നതല്ലേ? ‘എന്നായിരുന്നു സോണിയാ ഗാന്ധിയുടെ ചോദ്യം. എഴുപത് വര്‍ഷക്കാലം കോണ്‍ഗ്രസ്സ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപി ആരോപണങ്ങളോടുള്ള പ്രതികരണമായിരുന്നു സോണിയയുടേത്.

ആരുടെയും പേരെടുത്ത് പരാമര്‍ശിക്കാതെയാണ് കഴിഞ്ഞകാല നേട്ടങ്ങളെ ഒന്നുമല്ലാതാക്കിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്കെതിരെ സോണിയ പ്രതികരിച്ചത്. കഴിഞ്ഞകാലങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കോണ്‍ഗ്രസ്സ് എന്തെങ്കിലും ചെയ്തു എന്ന ഖ്യാതിക്കുവേണ്ടിയല്ല താനിത് പറയുന്നതെന്നും കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും കഠിന പരിശ്രമങ്ങളും തിരിച്ചറിയണമെന്ന് കരുതിയാണെന്നും അവര്‍ പറഞ്ഞു.

2014 മെയ് 16ന് ശേഷം ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ അട്ടിമറിക്കപ്പെടുകയാണുണ്ടായതെന്ന് സോണിയാ ഗാന്ധി ആരോപിച്ചു. ഭരണഘടനയെ മാറ്റിമറിക്കുന്ന നിരവധി കാര്യങ്ങളുണ്ടായിയെന്നും അതൊന്നും യാദൃശ്ചികതയായി കാണാനാവില്ലെന്നും, ആസൂത്രിതമായ അജണ്ടകളുടെ ഫലമാണിതെന്നും സോണിയ കുറ്റപ്പെടുത്തി.അതേയമയം, ഭയപ്പെടുത്തി അധീശത്വം സ്ഥാപിക്കലാണ് ഇപ്പോള്‍ നടക്കുന്നതെന്നും തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് സമൂഹത്തെ ധ്രുവീകരിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും സോണിയാ ഗാന്ധി ആരോപിച്ചു.

Top