കരുണാനിധി തനിയ്ക്ക് പിതാവിനെപ്പോലെയെന്ന് സോണിയാഗാന്ധി, അനുശോചനം അറിയിച്ച് സ്റ്റാലിന് കത്തയച്ചു

soniya gandhi

ന്യൂഡല്‍ഹി: കലൈഞ്ജര്‍ കരുണാനിധി തനിക്ക് പിതാവിനെ പോലെയെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. കരുണാനിധിയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ട് മകന്‍ എം.കെ സ്റ്റാലിന് അയച്ച കത്തിലാണ് സോണിയയുടെ പരാമര്‍ശം. തന്നോട് എല്ലാ കാലത്തും കലൈഞ്ജര്‍ വലിയ പരിഗണനയും കരുണയും കാണിച്ചെന്നും സോണിയ അനുസ്മരിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും നിര്‍ണായകമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സോണിയ-കരുണാനിധി രാഷ്ട്രീയ കൂട്ടുകെട്ടിന് കഴിഞ്ഞിരുന്നു. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുമായി തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയെ നിഷ്പ്രഭമാക്കിയ ഡി.എം.കെയുടെ പിന്തുണയാണ് ഒന്നാം യു.പി.എ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസിന് നിര്‍ണായകമായത്.

1998 ല്‍ രാജീവ് ഗാന്ധി വധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ജെയിന്‍ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തായതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ആരംഭിച്ച ഡി.എം.കെകോണ്‍ഗ്രസ് ശീതയുദ്ധത്തിന്റെ അവസാനവുമായിരുന്നു 2004ലെ മുന്നണി പ്രവേശനം. സോണിയാ ഗാന്ധിയുടെയും കരുണാനിധിയുടെയും നിലപാടുകളായിരുന്നു അന്നും നിര്‍ണായകമായത്.

2006ല്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ അധികാരത്തില്‍ തിരിച്ചെത്തുന്നതിനും കരുണാനിധി അഞ്ചാം തവണ മുഖ്യമന്ത്രി ആവുന്നതിനും കോണ്‍ഗ്രസ് ബന്ധം ഡി.എം.കെക്ക് സഹായകരമായി.

Top