അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വീണ്ടും ചാര്‍ട്ടേഡ് ഫ്‌ളൈറ്റൊരുക്കി സോനു സൂദ്

മുംബൈ: അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് വീണ്ടുമൊരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റൊരുക്കി ബോളിവുഡ് നടന്‍ സോനു സൂദ്. നടന്‍ ഒരുക്കിയ എയര്‍ ഏഷ്യയുടെ വിമാനത്തില്‍ 173 തൊഴിലാളികളാണ് മുംബൈയില്‍ നിന്ന് ഡെറാഡൂണിലെത്തിയത്.

ഉച്ചക്ക് 1.57ന് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം വൈകീട്ട് 4.41ന് ഡെറാഡൂണിലെ ജോളി ഗ്രാന്‍ഡ് വിമാനത്താവളത്തിലെത്തി.

‘ജീവിതത്തില്‍ വിമാനയാത്ര അനുഭവിക്കാന്‍ സാധ്യതയില്ലാത്തവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. വീട്ടുകാരെയും കൂട്ടുകാരെയും കാണാനായി അവര്‍ പറക്കുന്നത് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു’- സോനു സൂദ് പറഞ്ഞു. ഭാവിയില്‍ തൊഴിലാളികളെ സഹായിക്കാനായി കൂടുതല്‍ വിമാനങ്ങള്‍ പറത്താനായി ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് എറണാകുളത്തെ ഒരു വസ്ത്ര നിര്‍മാണ ഫാക്ടറിയില്‍ തുന്നല്‍ ജോലി ചെയ്തിരുന്ന 167 സ്ത്രീകളെ സ്വന്തം ചെലവില്‍ താരം വിമാനത്തില്‍ നാട്ടിലെത്തിച്ചത്. ഭുവനേശ്വറിലുള്ള അടുത്ത സുഹൃത്ത് വഴിയാണ് ഇവരുടെ ദുരവസ്ഥയെപറ്റി താരത്തിന് അറിയാന്‍ ഇടയായത്.

നേരത്തേ മഹാരാഷ്ട്രയിലും കര്‍ണാടകയിലും കുടുങ്ങിക്കിടന്ന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി സോനു സൂദ് ബസ് സര്‍വീസുകള്‍ ഒരുക്കിയിരുന്നു. പഞ്ചാബിലെ ഡോക്ടര്‍മാര്‍ക്ക് 1500 പി.പി.ഇ കിറ്റുകളും വിതരണം ചെയ്ത ഇദ്ദേഹം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ മുംബൈയിലെ ഹോട്ടല്‍ വിട്ടുനല്‍കിയും കൈയ്യടി നേടിയിരുന്നു.

Top