കണ്ണഞ്ചിപ്പിക്കും ദൃശ്യമികവ്; പുതിയ സോണി 8കെ ടിവി വിപണിയില്‍ അവതരിപ്പിച്ചു!

ബ്രാവിയ സീരീസില്‍ 85സെഡ്9ജെ എന്ന പുതിയ മോഡല്‍ ടിവി അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ടെക്നോളജി ഭീമനായ സോണി. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ടിവികളില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ലോകത്ത് ആദ്യമായി കോഗ്‌നിറ്റീവ് ഇന്റലിജന്‍സ് ടിവി സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ടിവി നിര്‍മിച്ചതും സോണിയാണ്. (ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച മറ്റൊരു 4കെ ടിവി നേരത്തെ തന്നെ സോണി പുറത്തിറക്കിയിരുന്നു.) കോഗ്‌നിറ്റീവ് ഇന്റലിജന്‍സ് ടിവി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച പുതിയ 8കെ മോഡല്‍ ദൃശ്യത്തിന്റെ, ശബ്ദത്തിന്റെ കാര്യത്തില്‍ സമാനതകളില്ലാത്ത അനുഭവം നല്‍കുമെന്നു പറയുന്നു.

ഇതിനായി കോഗ്‌നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്ന വിഡിയോയിലെ, ചിത്രത്തിലെ കളര്‍, കോണ്‍ട്രാസ്റ്റ് തുടങ്ങിയവയ്ക്ക് അപ്പുറത്തുള്ള ഘടകങ്ങള്‍ വരെ പരമ്പരാഗത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കാത്ത രതീയില്‍ വിശകലനം ചെയ്യുന്നു. ഇതുപോലെ ശബ്ദമികവിനായും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം നേരത്തെ സാധ്യമല്ലാത്ത രീതിയിലുള്ള മികവാര്‍ന്ന കാഴ്ച-കേള്‍വി അനുഭവം പ്രദാനം ചെയ്യും. പുതിയ പ്രോസസര്‍ മനുഷ്യന്റെ തലച്ചോറിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

കാഴ്ചയുടെയും കേള്‍വിയുടെയും കാര്യത്തില്‍ സമാനതകളില്ലാത്ത അനുഭവം നല്‍കാന്‍ ശ്രമിക്കുന്ന ടിവിയുടെ 85-ഇഞ്ച് വലുപ്പമുള്ള ഓലെഡ് സ്‌ക്രീനിന് 8കെ അല്ലെങ്കില്‍ 7680 X 4320 പിക്സല്‍ റസലൂഷനാണുള്ളത്. ഇതില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു നൂതനപ്രോസസിങ് ടെക്നോളജിയാണ് ഉപയോഗിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. കോഗ്‌നിറ്റീവ് പ്രോസസര്‍ എക്സ് ആറിന് സ്‌ക്രീനിന്റെ ഏതു ഭാഗത്താണ് പ്രധാന കാര്യങ്ങള്‍ നടക്കുന്നത്, അല്ലെങ്കില്‍ ഫോക്കല്‍ പോയിന്റ് എന്നു തിരിച്ചറിയാനാകും.

മുന്നില്‍ നടക്കുന്ന കാര്യങ്ങളില്‍ പ്രാധാന്യമേറിയവയെ നമ്മുടെ തലച്ചോര്‍ തിരിച്ചറിയുന്നതു പോലെ, കോഗ്‌നിറ്റീവ് പ്രോസസറിനും വിവേചനശേഷിയുണ്ടത്രെ. പരമ്പരാഗത എഐക്ക് ചിത്രത്തിലെ കളറും കോണ്‍ട്രാസ്റ്റും എല്ലാം ക്രമീകരിക്കാനുള്ള ശേഷിയാണുള്ളത്. പുതിയ പ്രോസസര്‍ നിരന്തരം വിശകലനം നടത്തിക്കൊണ്ടിരിക്കും.

ഇതിന്റെ ഫലമായി ഒരോ സീനും ഏറ്റവും അനുയോജ്യമായ രീതിയില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നു പറയുന്നു. യഥാര്‍ഥ ജീവിതത്തിലെന്ന പോലെ കണ്ടെന്റ് അനുഭവവേദ്യമാക്കാനുള്ള ശ്രമമാണിത്. ഇതിനായി 33 ദശലക്ഷത്തിലേറെ പിക്സലുകളെയാണ് സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

Top