പ്രമുഖ സ്മാർട്ട് ടിവി ബ്രാൻഡായ സോണി 32W830 എന്ന പേരിൽ ആൻഡ്രോയിഡ് എൽഇഡി സ്മാർട്ട് ടിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 31,900 രൂപ വിലയുള്ള പുത്തൻ സ്മാർട്ട് ടിവി സെഗ്മെന്റിൽ ഏറ്റവും പ്രീമിയം ഫീച്ചറുകളുള്ള മികച്ച ടിവി ആണെന്ന് സോണി അവകാശപ്പടുന്നു. പേര് സൂചിപ്പിക്കും പോലെ 32 ഇഞ്ച് വലിപ്പമുള്ള പുത്തൻ സോണി സ്മാർട്ട് ടിവിയ്ക്ക് ആൻഡ്രോയിഡ് ടിവി സോഫ്റ്റ്‌വെയർ, ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ട്, എച്ച്ഡിആര്‍10, എച്ച് എല്‍ജി ഫോർമാറ്റ് സപ്പോർട്ട് എന്നിവയുണ്ട്. അതുകൊണ്ട് തന്നെ സെഗ്മെന്റിലെ ഏറ്റവും വിലക്കൂടുതലുള്ള 32 ഇഞ്ച് സ്മാർട്ട് ടിവികളിൽ ഒന്നാണ് സോണി 32W830 ആൻഡ്രോയിഡ് സ്മാർട്ട് ടിവി.
ആമസോൺബേസിക്സ്, വ്യൂ ബ്രാൻഡുകളുടെ 43-ഇഞ്ച്, 50-ഇഞ്ച് അൾട്രാ- എച്ച്ഡിടിവികൾ 30,000 രൂപയ്ക്ക് താഴെ ലഭ്യമാവുമ്പോഴാണ് 31,900 രൂപയ്ക്ക് സോണി 32W830 ആൻഡ്രോയിഡ് സ്മാർട്ട് ടിവി വിപണിയിലെത്തിയിരിക്കുന്നത്. അതെ സമയം സോണി ബ്രാൻഡിന്റെ വിശ്വാസ്യതയും, വില്പനാനന്തര സേവനങ്ങളിൽ പ്രകടനവും, മികച്ച ഫീച്ചറുകളും 32W830 ആൻഡ്രോയിഡ് സ്മാർട്ട് ടിവിയ്ക്ക് ഉപഭോക്താക്കളെ നേടും എന്ന് സോണി പ്രതീക്ഷിക്കുന്നു.