ജയ്പൂര്‍: ചരിത്ര പുസ്തകങ്ങളില്‍ തിരുത്തല്‍ വരുത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനി.
1576ല്‍ നടന്ന ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ ജയിച്ചത് അക്ബറല്ലെന്നും റാണാ പ്രതാപ് ആണെന്നുമുള്ള വാദത്തെ പിന്താങ്ങിക്കൊണ്ടാണ് വാസുദേവ് ദേവ്‌നാനി രംഗത്തെത്തിയിരിക്കുന്നത്.
ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്ന പ്രസ്താവനയുടെ പേരില്‍ വിവാദത്തിലായ ആളാണ് വാസുദേവ് ദേവ്‌നാനി.
മുഗള്‍ രാജാവായിരുന്ന അക്ബറും മേവാര്‍ ഭരണാധികാരിയായിരുന്ന റാണാ പ്രതാപും തമ്മില്‍ നടന്ന ഹാല്‍ദിഗാട്ടി യുദ്ധത്തില്‍ റാണാ പ്രതാപിനെ അക്ബര്‍ പരാജയപ്പെടുത്തിയെന്നാണ് എഴുതപ്പെട്ട ചരിത്രം പറയുന്നത്.
എന്നാല്‍ ഇതല്ല യഥാര്‍ഥ ചരിത്രമെന്നും, യുദ്ധത്തില്‍ ജയിച്ചത് റാണാ പ്രതാപ് ആണെന്നുമാണ് വാദം. ഇതനുസരിച്ച് കോളേജുകളിലേയും സ്‌കൂളുകളിലേയും ചരിത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതണമെന്നും വാസുദേവ് ദേവ്‌നാനി ആവശ്യപ്പെട്ടു.
ബിജെപി എംഎല്‍എ മോഹന്‍ലാല്‍ ഗുപ്ത ഇതു സംബന്ധിച്ച് രാജസ്ഥാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനു മുന്നില്‍ ഒരു അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ചരിത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതിയാല്‍ മാത്രം പോര, റാണാ പ്രതാപാണ് ഹല്‍ദിഗാട്ടി യുദ്ധം ജയിച്ചതെന്ന് സ്ഥാപിക്കുന്ന ഒരു പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അപേക്ഷയില്‍ പറയുന്നു.
സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്, ചരിത്രവിഭാഗം ബോര്‍ഡ് ഓഫ് സ്റ്റഡീസിന് ഈ അപേക്ഷ കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും രാജസ്ഥാന്‍ മന്ത്രിസഭയിലെ പല മന്ത്രിമാരും ഈ നീക്കത്തിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്.
റാണാ പ്രതാപിന് അനുകൂലമായി ചരിത്രം ഭേദഗതി ചെയ്യുന്നതിനെ പിന്തുണച്ചുകൊണ്ട് ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് രംഗത്തെത്തിയിട്ടുണ്ട്.
നിരവധി തലമുറകളായി വിദ്യാര്‍ഥികള്‍ പഠിക്കുന്നത് തെറ്റായ ചരിത്രമാണ്. റാണാ പ്രതാപിന് ചരിത്രത്തില്‍ അര്‍ഹിക്കുന്ന ഇടം ലഭിച്ചിട്ടില്ല. യഥാര്‍ഥ ചരിത്രമനുസരിച്ച് പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതാനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുമെന്ന് സറഫ് പ്രസ്താവിച്ചു.