തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയോടൊപ്പം മലയാളത്തിന്റെ പ്രിയ താരം അപര്‍ണ ബാലമുരളിയും ഒന്നിച്ച തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന് ലോകമെമ്പാടും നിന്നും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഗംഭീര അഭിപ്രായങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത് . ഇതിനിടെയാണ് ചിത്രം ടെലഗ്രാമിലും മറ്റ് ഓണ്‍ലൈന്‍ സൈറ്റുകളിലും ലീക്കായതായി പരാതിയുയർന്നത് . ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സൂര്യയുടെ ആരാധകര്‍.
നവംബര്‍ 12 ന് റിലീസ് ചെയ്ത ചിത്രം ടെലഗ്രാമില്‍ ലഭ്യമായിത്തുടങ്ങിയെന്ന് ചിലര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഒടിടി പ്ളാറ്റ് ഫോമില്‍ റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ടെലഗ്രാമില്‍ ലഭ്യമാകുന്നതിനെ തുടര്‍ന്ന് ആമസോണ്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചില പൈറസി സൈറ്റുകളെ വിലക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനും എയര്‍ ഡെക്കാണ് സ്ഥാപകനുമായ ക്യാപ്റ്റന്‍ ഗോപിനാഥന്റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കാരയാണ്.