ന്യൂഡല്‍ഹി: സൂര്യനെല്ലി കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മാസത്തിലെ ആദ്യ തിങ്കളാഴ്ചകളില്‍ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ധര്‍മ്മരാജനെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് ധര്‍മ്മരാജന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പി എസ് സുധീര്‍ ആവശ്യപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധര്‍മ്മരാജന്‍ നിലവില്‍ പത്ത് വര്‍ഷവും 9 മാസവും ജയിലില്‍ കഴിഞ്ഞതായും സുധീര്‍ ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗ കേസിലെ പ്രതിയായ ധര്‍മ്മരാജന് പരോളിന് അര്‍ഹതയില്ല. ജാമ്യം അനുവദിച്ചാല്‍ ഒളിവില്‍ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകരായ ജി പ്രകാശ്, എം എല്‍ ജിഷ്ണു എന്നിവരും വാദിച്ചു
പൂജപ്പുര ജയിലില്‍ 701 തടവുകാരാണുള്ളത്. ജയിലില്‍ കോവിഡ് വ്യാപന സാഹചര്യമില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഒരു കോവിഡ് കേസ് പോലും ജയിലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ വാദിച്ചു.