ന്യൂഡല്‍ഹി: സൂര്യനെല്ലി കേസിലെ കുറ്റവാളികളുടെ പരോള്‍ കാലാവധി നീട്ടി. നിലവില്‍ ജാമ്യത്തിലോ, പരോളിലോ കഴിയുന്നവരുടെ കാലാവധിയാണ് സുപ്രീം കോടതി നീട്ടിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗളും, അജയ് രസ്തോഗിയും അടങ്ങിയ ബെഞ്ച് പരോള്‍ കാലാവധി നീട്ടിയത്.
25 കുറ്റവാളികളാണ് ഹൈക്കോടതി വിധിച്ച ശിക്ഷയ്ക്ക് എതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇത്രയും പേരുടെ അപ്പീലില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേള്‍ക്കല്‍ പ്രായോഗികം അല്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ നിയന്ത്രണങ്ങള്‍ മാറിയ ശേഷം അഭിഭാഷകര്‍ നേരിട്ട് കോടതിയില്‍ എത്തുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ അപ്പീലില്‍ വാദം കേള്‍ക്കാം എന്ന് കോടതി വ്യക്തമാക്കി. അതു വരെയാണ് പരോള്‍ കാലാവധി നീട്ടിയത്.
സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയവരില്‍ 16 പേരുടെ ശിക്ഷാകാലാവധി ഇതിനോടകം പൂര്‍ത്തിയായി. അപ്പീലുമായി മുന്നോട്ട് പോകുന്നവരുടെ പട്ടിക മൂന്ന് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. കേസിലെ മുഖ്യ കുറ്റവാളികള്‍ ആയ ധര്‍മ്മരാജന്‍, ഉഷ എന്നിവര്‍ ഇപ്പോഴും ജയിലില്‍ ആണ്.