റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തറിന് സൗദി അറേബ്യയുടെ ക്ഷണം. സൗദി ഭരണാധികാരിയുടെ ക്ഷണക്കത്ത് ജിസിസി സെക്രട്ടറി മുഖേന ഖത്തര്‍ വിദേശകാര്യമന്ത്രിക്ക് കൈമാറി.
സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദാണ് ജിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തറിനെ നേരിട്ട് ക്ഷണിച്ചത്.
റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്ന് നേരത്തെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍, കുവൈത്ത് അമീറുമാര്‍ പങ്കെടുത്തെങ്കിലും ബാക്കി രാജ്യങ്ങള്‍ പ്രതിനിധികളെ അയക്കുക മാത്രമാണ് ചെയ്തത്.
അതേസമയം ഒപെക് രാഷ്ട്രങ്ങളുടെ കൂട്ടായ്മായില്‍ നിന്ന് ഇറങ്ങി വരാന്‍ തീരുമാനിച്ചതിനു പിന്നില്‍ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ലന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി സാദ് ബിന്‍ ശരീദാ അല്‍ കഅബി അറിയിച്ചു.
ഒപെക് വിടാനുള്ള ഖത്തറിന്റെ തീരുമാനം തികച്ചും സാങ്കേതികം മാത്രമാണ്. ഇതിനു ഒപെകില്‍ നിര്‍ണായക സ്വാധീനമുള്ള സൗദിയുടെ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലന്നും അദ്ദേഹം വ്യക്തമാക്കി.