തമിഴ്നാട് ഗവര്‍ണറെ തിരിച്ചുവിളിക്കണം: രാഷ്ട്രപതിയെ കാണാന്‍ ഡിഎംകെ

ദില്ലി: തമിഴ്നാട് ഗവർണറെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ കാണാൻ ഡിഎംകെ. തമിഴ്നാട് ഗവർണർ ആർഎൻ രവിയെ തിരിച്ചുവിളിക്കണം എന്ന ആപേക്ഷയുമായി രാഷ്ട്രപതിയെ കാണും എന്നാണ് ഡിഎംകെ എംപി കനിമൊഴി ഞായറാഴ്ച അറിയിച്ചത്. പൊതുജനങ്ങൾ തെരഞ്ഞെടുത്തവരെക്കുറിച്ച് ഗവർണർ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് കനിമൊഴി പറഞ്ഞു.

ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവർണർമാർ തുടർച്ചയായി ഭരണഘടനയ്ക്ക് എതിരായ പ്രവർത്തനങ്ങൾ നടത്തുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെതിരെ നിരന്തരം ഗവർണർമാർ സംസാരിക്കുകയാണ് , കനിമൊഴി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഈ പ്രശ്നങ്ങൾ ഉന്നയിച്ച് ഞങ്ങൾ രാഷ്ട്രപതിയെ കാണാൻ തീരുമാനിച്ചു. രാഷ്ട്രപതി സമയം നൽകും എന്നാണ് കരുതുന്നത്. അടുത്തിടെ തമിഴ്നാട് സർക്കാറും ഗവർണറും തമ്മിലുള്ള ഏറ്റുമുട്ടൽ വളരെ രൂക്ഷമായ അവസ്ഥയിലാണ്. നിമയസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കുന്നില്ല എന്നതിന് പുറമേ കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട ഗവർണർ നടത്തിയ പ്രസ്താവന പ്രശ്നം രൂക്ഷമാക്കിയിരുന്നു.

Top