ന്യൂഡല്‍ഹി: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് പുനപരിശോധന ഹര്‍ജി ഈയാഴ്ച തന്നെ നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്‍.
സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയായിരിക്കും സുപ്രീം കോടതിയില്‍ ഹാജരാകുക. ഡല്‍ഹിയില്‍ റോത്തഗിയുമായി കൂടിക്കാഴ്ച നടത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും റോത്തഗിയുമായി ഫോണില്‍ സംസാരിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കാതെ ഗോവിന്ദച്ചാമി പുറംലോകം കാണാന്‍ പോകുന്നില്ല. ജീവപരന്ത്യം തടവെന്നാല്‍ ജീവിതാന്ത്യം വരെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി ബാലന്‍ പറഞ്ഞു. കേസു വാദിച്ച അഡ്വ തോമസ് പി ജോസഫ് അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തിയതായും മന്ത്രി പറഞ്ഞു.