ന്യൂഡല്‍ഹി : സൗമ്യ വധക്കേസ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിനു കൈമാറണമെന്ന് മാര്‍ക്കണ്ഡേയ കട്ജു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധി തെറ്റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കട്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരായി തന്റെ നിലപാടുകള്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ജഡ്ജിമാരും മനുഷ്യരാണ്. അവര്‍ക്കും തെറ്റു പറ്റാം. എന്നാല്‍ തെറ്റു പുനഃപരിശോധിക്കാന്‍ തയ്യാറാകണമെന്നും കട്ജു പോസ്റ്റില്‍ വിശദീകരിച്ചു.
സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി പരിഗണിച്ചാണ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ചയാണ് സൗമ്യവധക്കേസിലെ പുന:പ്പരിശോധനാ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്നത്.
ഗോവിന്ദച്ചമിക്ക് വിചാരണക്കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റവും കോടതി തള്ളിയിരുന്നു. സെപ്തംബര്‍ 14 നായിരുന്നു സുപ്രീം കോടതിയുടെ വിധി.
വിധിയെ കട്ജു ഫെയ്‌സ് ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കട്ജുവിനോട് കോടിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.
ഇത് ആദ്യമായാണ് ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്.