Soumya murder case-Mahila Congress-protest

തിരുവനന്തപുരം: സൗമ്യ വധക്കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതിനെതിരേ മഹിള കോണ്‍ഗ്രസ് ശവപ്പെട്ടിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ചു.

വായ്മൂടികെട്ടിയാണ് പ്രതിഷേധക്കാര്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

കേസ് നടത്തിപ്പില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ചതാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആകെയുള്ള നേട്ടം.

സൗമ്യ വധക്കേസിലെ സമീപനം തുടര്‍ന്നാണ് ജിഷ കേസിലും തിരിച്ചടിയുണ്ടകും. കൊല്ലം കടയ്ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ രക്ഷിക്കാനാണ് സര്‍ക്കാരും സിപിഎമ്മും ശ്രമിച്ചത്.

സത്യത്തെ തമസ്‌കരിച്ച് കുറ്റവാളിയെ സംരക്ഷിക്കുകയാണ് സിപിഎം ചെയ്തത്. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സിപിഎമ്മാണ് ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ക്രിമിനലുകളെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതുപോലെ മദ്യനയവും മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ പെരുകും. നമ്മുക്ക് ജാതിയില്ല എന്ന ശ്രീനാരായണ ഗുരുവിന്റെ വാക്യം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെ മദ്യവില്പനയെ പ്രോത്സാഹിപ്പിക്കുന്നത് അപഹാസ്യമാണ്. ജനവിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍ അധികകാലം സര്‍ക്കാര്‍ അധികാരത്തില്‍ തുടരില്ലെന്നും വി.എം.സുധീരന്‍ പറഞ്ഞു.

Top