തിരുവനന്തപുരം :സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാന്‍ തിരക്കിട്ട നീക്കം.
ഇക്കാര്യത്തില്‍ ദ്രുതഗതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ക്കായി നിയമമന്ത്രി എ.കെ ബാലന്‍ ഇന്നു ഡല്‍ഹിയിലേക്ക് തിരിക്കും.
പുതിയ അഭിഭാഷകനായിരിക്കും പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. റിവ്യൂഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉന്നത നിയമജ്ഞരുമായി മന്ത്രി എ.കെ ബാലന്‍ ചര്‍ച്ച നടത്തും. സ്റ്റാന്‍ഡിംഗ് കൗണ്‍സലുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
കേസില്‍ ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ വാദിക്കുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. കേസില്‍ ഉടനടി തന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.
ഉന്നത നിയമജ്ഞരുമായി കൂടിക്കാഴ്ച നടത്തുമെന്നും പുതിയ അഭിഭാഷകനെ നിയമിക്കണമെങ്കില്‍ അതും ആലോചിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അഭിഭാഷകനെ നിയമിക്കുന്ന കാര്യം ആലോചിക്കുന്നത്.