Soumya murder case; Sudheeran’s statement

തിരുവനന്തപുരം: സൗമ്യവധക്കേസില്‍ സുപ്രീം കോടതിയില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷ കുറ്റവാളിക്കു വാങ്ങികൊടുത്തേ തീരൂവെന്നും സുധീരന്‍ പറഞ്ഞു.

സുപ്രീംകോടതിയില്‍ അഭിഭാഷകരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്. ക്രൂരതയുടെ പ്രതീകമായ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ കിട്ടിയില്ലെങ്കില്‍ അത് നിയമവാഴ്ചയുടെ പരാജയമാവും. വിചാരണ വേളയില്‍ കേസ് നടത്തി വിജയിച്ച അഭിഭാഷകരെ സുപ്രീംകോടതിയിലെ വാദത്തില്‍ നിന്ന് ഒഴിവാക്കി. കേസ് വാദിച്ച അഭിഭാഷകരാവട്ടെ വേണ്ടത്ര ഗൃഹപാഠം ചെയ്തുമില്ലെന്നും സുധീരന്‍ ആരോപിച്ചു.

കേരളത്തിലെ അമ്മമാരുടെ മനസാണ് കഴിഞ്ഞ ദിവസത്തെ പ്രതികരണങ്ങളില്‍ കണ്ടത്. സ്ത്രീ സുരക്ഷ ഉയര്‍ത്തികാട്ടി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് .സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണം. നിയമപരമായി ഇനി എന്തു സാദ്ധ്യതയുണ്ടെന്ന് കീഴ്‌കോടതിയില്‍ കേസ് വാദിച്ചു ജയിച്ച അഭിഭാഷകനുമായി ആലോചിക്കണം. ജനങ്ങളുടെ ഭാഗത്തു നിന്ന് ഉയര്‍ന്നു വരുന്ന വികാരമാണ് ഇത്. ഒരു പെണ്‍കുട്ടിയുടെ ജീവിക്കാനുള്ള അവകാശം നിഷേധിച്ച മൃഗതുല്ല്യനായ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കിയില്ലെങ്കില്‍ നാടിനോടു ചെയ്യുന്ന അപരാധമായിരിക്കും അതെന്നും സുധീരന്‍ വ്യക്തമാക്കി.

Top