ന്യൂഡല്‍ഹി:സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി കൊല ചെയ്‌തെന്നു ബോധ്യപ്പെടുത്തണമെന്നു സുപ്രീം കോടതി.
സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടതിനു തെളിവ് എവിടെയെന്നു കോടതി ചോദിച്ചു.
എന്നാല്‍ ഇക്കാര്യത്തില്‍ പ്രോസിക്യൂഷനു മറുപടിയുണ്ടായില്ല. ഊഹാപോഹങ്ങള്‍ കോടതിക്കുമുന്നില്‍ പറയരുതെന്നും കോടതി നിര്‍ദേശിച്ചു.
സൗമ്യ മാനഭംഗത്തിന് ഇരയായെന്നു കോടതിക്കു ബോധ്യപ്പെട്ടിട്ടുണ്ട്. സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോ അതോ സൗമ്യ സ്വയം ചാടിയതാണോ എന്നും കോടതി ചോദിച്ചു.
അതേസമയം, തലയ്‌ക്കേറ്റ പരുക്കാണ് സൗമ്യയുടെ മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ട്രെയിനില്‍നിന്നു വീണതുമൂലമുണ്ടായ പരുക്കാണിത്. ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകനു കഴിഞ്ഞില്ല.
സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നത്തോടെ വാദം പൂര്‍ത്തിയായി.
ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കീഴ്‌ക്കോടതി വിധി റദ്ദാക്കി കുറ്റവിമുക്തനാക്കണമെന്നാണ് ഹര്‍ജിയില്‍ ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരിക്കുന്നത്.
തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കീഴ്‌ക്കോടതിയുടെ ഉത്തരവു ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
ഷൊര്‍ണൂര്‍ മഞ്ഞക്കാട് ഗണേശന്റെ മകളും കൊച്ചിയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയുമായിരുന്ന സൗമ്യ (23) 2011 ഫെബ്രുവരി ഒന്നിനാണു കൊച്ചിഷൊര്‍ണൂര്‍ പാസഞ്ചറില്‍ ആക്രമിക്കപ്പെട്ടതും പിന്നീട് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടതും.
ട്രെയിനില്‍നിന്നു വീണ സൗമ്യയ്ക്കു പിന്നാലെ ഗോവിന്ദച്ചാമിയും ചാടിയിറങ്ങി. പാളത്തില്‍ പരുക്കേറ്റു കിടന്ന സൗമ്യയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപം കിടത്തി പീഡിപ്പിക്കുകയായിരുന്നു.
കൃത്യത്തിനു ശേഷം സൗമ്യയുടെ മൊബൈല്‍ ഫോണും പഴ്‌സിലെ പൈസയും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടെന്നും പൊലീസ് അന്ന് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അവിടെക്കിടന്ന സൗമ്യയെ പിന്നീടു പരിസരവാസികള്‍ കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിനു പാലക്കാട്ടുനിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന സൗമ്യ ഫെബ്രുവരി ആറിനു മരിച്ചു.