തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസില്‍ പ്രതിയെ സുപ്രീംകോടതി വെറുതെ വിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കുടുങ്ങും.
പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
തെളിവുകള്‍ ഹാജരാക്കാന്‍ ഇനിയും പ്രോസിക്യൂഷന് കഴിയുമെങ്കിലും ഇതുവരെ ‘കണ്ടെത്താത്ത’ തെളിവ് ഇനി ഹാജരാക്കിയാലും പുലിവാലാകും.
സുപ്രീംകോടതിയുടെ ഇപ്പോഴത്തെ നിലപാട് ഡിവിഷന്‍ ബഞ്ചിന് മുന്നില്‍ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലായതിനാല്‍ പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടുമോയെന്ന ആശങ്ക നിയമവൃത്തങ്ങളില്‍ പോലുമുണ്ട്.
അങ്ങിനെ വന്നാല്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ഏഴ് വര്‍ഷത്തോളം അന്യായമായി തടവിലിട്ടതിനെതിരെയും ഭാവി നശിപ്പിച്ചതിനെതിരെയും അന്വേഷണ സംഘത്തിനെതിരെ കേസ് കൊടുത്താല്‍ അവര്‍ കുരുങ്ങും. ‘വാദി പ്രതിയാവുന്ന’ സാഹചര്യം മാത്രമല്ല സൗമ്യ കേസിലെ പ്രതിയെ വെറുതെ വിട്ടാല്‍ അത് കേരള പൊലീസിന് തന്നെ നാണക്കേടുമാവും.
ഗോവിന്ദച്ചാമിയെ വെറുതെ വിട്ടാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മ തന്നെ ഭീഷണി മുഴക്കിയതിനെ സര്‍ക്കാരും ഗൗരവമായി തന്നെയാണ് കാണുന്നത്.
ലഭ്യമായ മുഴുവന്‍ തെളിവുകളും മുന്‍നിര്‍ത്തി സുപ്രീംകോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ മുന്‍പ് ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് വേണ്ടി വിചാരണക്കോടതിയില്‍ ശക്തമായി വാദിച്ച സുരേശനെ കൂടി അഭിഭാഷക ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നുണ്ട്.
പ്രതി ഗോവിന്ദച്ചാമിക്ക് ഒരു കൈക്ക് മാത്രമേ സ്വാധീനമുള്ളുവെന്നതിനാല്‍ ഒറ്റക്കൈയ്യനായതിനാല്‍ സൗമ്യയെ തള്ളിയിടാനും തലക്കടിക്കാനുമാവില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം.
സൗമ്യയുടെ ശരീരത്തിലെ മുറിവുകളും വീണ സ്ഥലവും പരിശോധിച്ചപ്പോള്‍ ട്രെയിനില്‍ നിന്ന് ചാടിയതല്ലെന്നും തള്ളിയിട്ടതിന് സമാനമാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
എന്നാല്‍ ഒരാള്‍ സ്വമേധയാ ചാടിയാലും ഇത്തരം പരുക്കുകള്‍ ഉണ്ടാവുമെന്നതാണ് പ്രോസിക്യൂഷനിപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
മുംബൈയിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബ എ ആളൂരാണ് ഗോവിന്ദച്ചാമിക്കായി സുപ്രീംകോടതിയില്‍ ഹാജരായത്.
അതേസമയം ഗോവിന്ദച്ചാമിയെ പോലെയുള്ള ഒരാളെ സുപ്രീംകോടതിയില്‍ പോയി കേസ് നടത്താന്‍ പണം നല്‍കി സഹായിക്കുന്നത് ആരാണെന്ന കാര്യവും ദുരൂഹമായി തുടരുകയാണ്.