കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍. ഇതിനായി ശാസ്ത്രാധിഷ്ഠിതമായ തന്ത്രങ്ങള്‍ അവലംബിക്കേണ്ടതുണ്ടെന്നും സൗമ്യ വ്യക്തമാക്കി. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രതികരണത്തിലാണ് പരാമര്‍ശം.
ആധികാരികമായി ഒന്നും പറയാനാകില്ലെങ്കിലും ഡെല്‍റ്റയേക്കാള്‍ കൂടുതല്‍ പടരാന്‍ ഈ വകഭേദത്തിന് കഴിയും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റുമെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. മുതിര്‍ന്നവര്‍ വാക്‌സിന്‍ സ്വീകരിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, ജീനോം സീക്വന്‍സിങ് വ്യാപകമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കണം. മാസ്‌ക്കുകള്‍ ‘പോക്കറ്റിലെ വാക്‌സിനുകള്‍’ ആണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോൺ വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്. വുഹാനിൽ കണ്ടെത്തിയ കോറോണ വൈറസിനേക്കാളും പത്ത് മടങ്ങ് വ്യാപനശേഷിയുള്ളതാണ് 50ലേറെ ജനിതക മാറ്റങ്ങൾ സംഭവിച്ച B11529 എന്ന പുതിയ വൈറസ്.