ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ നോബോള്‍ വിവാദമുണ്ടായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി ഗ്രൗണ്ടിലിറങ്ങിയ സംഭവത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോഴും അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് കെട്ടടങ്ങിയിട്ടില്ല.
ഇപ്പോള്‍ ഇതാ ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഉപദേശകനുമായ സൗരവ് ഗാംഗുലി.
എല്ലാവരും മനുഷ്യരാണ്. വിവരണാതീതമായ മത്സരചൂടാണ് ധോണിയെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഇതിഹാസ താരം വ്യക്തമാക്കി. അച്ചടക്കലംഘനത്തിന് മാച്ച് ഫീയുടെ 50 ശതമാനം ധോണിക്ക് പിഴയായി ചുമത്തിയിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെ എതിരായ മത്സരത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. രാജസ്ഥാന്‍ പേസര്‍ ബെന്‍ സ്റ്റോക്‌സിന്റെ അവസാന ഓവറില്‍ അംപയര്‍മാര്‍ നോബോള്‍ വിളിക്കാതിരുന്നതാണ് എം എസ് ധോണിയെ ചൊടിപ്പിച്ചത്. ഡഗൗട്ടില്‍ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. ഗ്രൗണ്ടിന്റെ നടുത്തളത്തിലിറങ്ങി അംപയര്‍മാരുമായി ധോണി ഏറെ നേരം തര്‍ക്കിക്കുകയായിരുന്നു.
സംഭവത്തില്‍ ക്രിക്കറ്റ് നിയമം ലംഘിച്ച് അമ്പയറോട് കയര്‍ത്ത ധോണിക്ക് ബി.സി.സി.ഐ മാച്ച് ഫീസിന്റെ 50 ശതമാനം പിഴ ചുമത്തി. ധോനി ഐ.പി.എല്‍ പെരുമാറ്റച്ചട്ടം ലെവല്‍ 2 നിയമം ലംഘിച്ചെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.