ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം; മനീഷ് പാണ്ഡെ ഓഫ് ദ മാച്ച്

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ നടന്ന മത്സരത്തില്‍ വിജയിച്ചതോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ നാല് വിക്കറ്റിന്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര നേടിയത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 81 റണ്‍സ് നേടി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച മനീഷ് പാണ്ഡെയാണ് മാന്‍ ഓഫ് ദ മാച്ച്.

ആറ് റണ്‍സിലധികം ഓവറില്‍ ലക്ഷ്യമിട്ട് മറുപടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് 25 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനൊപ്പം നായകന്‍ മനീഷ് പാണ്ഡെ ചേര്‍ന്നതോടെയാണ് ഇന്ത്യ കളം പിടിച്ചത്. ഇരുവരും ചേര്‍ന്ന് 70 റണ്‍സ് അടിച്ചെടുത്തു. 40 റണ്‍സുമായി ഇഷാന്‍ മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ പോരാട്ടം തുടര്‍ന്നു. 59 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറും നേടിയാണ് മനീഷ് പാണ്ഡെ 81 റണ്‍സ് തികച്ചത്.

അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ശിവം ദുബെ ഇന്ത്യന്‍ ജയം എളുപ്പമാക്കുകയായിരുന്നു. 28 പന്തില്‍ മൂന്ന് സിക്‌സും രണ്ടു ഫോറും നേടിയ ദുബെ 45 റണ്‍സോടെ അക്ഷര്‍ പട്ടേലിനൊപ്പം (7) പുറത്താകാതെ നിന്നു.

ഔട്ട്ഫീല്‍ഡിലെ നനവ് കാരണം 30 ഓവര്‍ മത്സരമാണ് നടന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 207 എന്ന മാന്യമായ സ്‌കോര്‍ നേടി. 44 റണ്‍സ് നേടിയ ഹെന്‍ട്രിച്ച് ക്ലാസനാണ് ടോപ്പ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ദീപക് ചഹറും ക്രുനാല്‍ പാണ്ഡ്യയും രണ്ടു വിക്കറ്റുകള്‍ വീതം നേടി.

അവസാന രണ്ടു മത്സരങ്ങളില്‍ ഇന്ത്യയെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്.

Top