ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കക്ക് മികച്ച സ്കോർ, ഡി കോക്കിന് സെഞ്ചുറി

ലഖ്നൗ : ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ സെഞ്ചുറിയുടെയും ഏയ്ഡന്‍ മാര്‍ക്രത്തിന്റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311റണ്‍സെടുത്തു. 108 റണ്‍സെടുത്ത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഓസീസിനായി ഗ്ലെന്‍ മാക്സ്‌വെല്ലും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതമെടുത്തു.

തുടക്കം മുതല്‍ തകര്‍ത്തടിച്ചായിരുന്നു ദക്ഷിണാഫ്രിക്കയുടെ തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ ഡി കോക്ക് തകര്‍ത്തടിക്കുകയും ക്യാപ്റ്റന്‍ ടെംബാ ബാവുമ പിന്തുണ നല്‍കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 108 റണ്‍സടിച്ചു. ബാവുമയെ(35) വീഴ്ത്തിയ മാക്സ്‌വെല്ലാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നീടെത്തിയ റാസി വാന്‍ഡര്‍ ദസ്സന്‍(26) നല്ല തുടക്കമിട്ടെങ്കിലും ആദം സാംപയുടെ പന്തില്‍ പുറത്തായി. 90 പന്തില്‍ സെഞ്ചുറി തികച്ച ഡി കോക്ക് 106 പന്തില്‍ 109 റണ്‍സെടുത്ത് പുറത്തായി.

ലോകകപ്പിന് ശേഷം ഏകദിനങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഡി കോക്ക് ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയിരുന്നു. ഡി കോക്ക് മടങ്ങിയശേഷം ക്രീസിലെത്തിയ ഏയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 56 റണ്‍സെടുത്ത് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 250 കടത്തി. എന്നാല്‍ അര്‍ധസെഞ്ചുറി പിന്നിടതിന് പിന്നാലെ കമിന്‍സിന്റെ പന്തില്‍ മാര്‍ക്രവും(44 പന്തില്‍ 56) ഹേസല്‍വുഡിന്റെ തൊട്ടടുത്ത ഓവറില്‍ ഹെന്റിച്ച് ക്ലാസനും (27 പന്തില്‍ 29) ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി.

ഒരു ഘട്ടത്തില്‍ 350 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കക്ക് അവസാന അഞ്ചോവറില്‍ 39 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് മില്ലര്‍(17) നിരാശപ്പെടുത്തിയപ്പോള്‍ മാര്‍ക്കോ ജാന്‍സനാണ്(22 പന്തില്‍ 26) ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ഗ്ലെന്‍ മാക്സ്‌വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Top