മൂന്നാം ടെസ്റ്റ്; ദക്ഷിണാഫ്രിക്ക 194ന് പുറത്ത്, ബൂംറയ്ക്ക് അഞ്ചുവിക്കറ്റ്

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 187 റണ്‍സ് പിന്തുടരുന്ന ആതിഥേയര്‍ 194ന് പുറത്തായി. അഞ്ച് വിക്കറ്റ് പിഴുത ജസ്പ്രീത് ബുംറയുടെ മീഡിയം പേസാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ബുവനേഷ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

അതേ സമയം രണ്ടാം ഇന്നിങ്‌സാരംഭിച്ച ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത പാര്‍ഥിവ് പേട്ടലാണ് പുറത്തായത്. ഫിന്‍ലാന്‍ഡറിന്റെ പന്തില്‍ മാക്രത്തിന് ക്യാച്ച് നല്‍കിയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മടങ്ങിയത്. രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 47 ന് ഒന്ന് എന്ന നിലയിലുള്ള ഇന്ത്യക്ക് 42 റണ്‍സ് ലീഡുണ്ട്.

രണ്ടാം ദിനം തുടക്കത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. ഓപണര്‍ െഎഡന്‍ മാക്രമായിരുന്നു പുറത്തായത്. വൈകാതെ സ്‌കോര്‍ 16ല്‍ നില്‍കെ എല്‍ഗറും വീണു. തുടര്‍ന്ന് വന്ന പരിജയസമ്പന്നരായ ഒരു ബാറ്റ്‌സ്മാന്‍മാര്‍ക്കും സ്‌കോര്‍ കാര്യമായി ചലിപ്പിക്കാനായില്ല.ഹാഷിം അംല(61) മൂന്നാമനായി ഇറങ്ങിയ ബൗളര്‍ റബാഡ (30) വാലറ്റത്ത് നിന്നും വെറോണ്‍ ഫിന്‍ലാന്‍ഡര്‍ (35) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇന്ത്യയുടെ ഇന്നിങ്‌സ് തകര്‍ച്ചയായിരുന്നു വാണ്ടറേഴ്‌സിലെ ആദ്യ ദിവസത്തെ കാഴ്ച. മൂന്നാം ടെസ്റ്റിലെങ്കിലും ജയിക്കാനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് വെറും 183 റണ്‍സിന് ദക്ഷിണാഫ്രിക്ക മടക്കിക്കെട്ടി. വിരാട് കോഹ്ലിയും ചേതേശ്വര്‍ പുജാരയും നേടിയ അര്‍ധ സെഞ്ച്വറിയും വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സും മാത്രമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ചെറുത്തുനില്‍പ്പ്.

Top