ജൊഹനാസ്ബര്‍ഗ്: വര്‍ണവിവേചനത്തിന് പേര് കേട്ട രാജ്യമാണ് ദക്ഷിണാഫ്രിക്ക. കാലങ്ങള്‍ പുരോഗമിച്ചപ്പോള്‍ വര്‍ണവിവേചനവും വംശീയതയും അനാവശ്യമാണെന്ന തിരിച്ചറിവുകള്‍ സമൂഹത്തില്‍ ഉയര്‍ന്നുവന്നു. എന്നിട്ടും ദക്ഷിണാഫ്രിക്കയില്‍ ഇത്തരം രീതികള്‍ക്ക് മാറ്റമില്ലെന്നാണ് പുതിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വിജയികള്‍ക്കുള്ള ഫ്രീഡം ട്രോഫിക്ക് മുമ്പാകെ ദക്ഷിണാഫ്രിക്കന്‍ ടീം ഫോട്ടോയ്ക്കായി പോസ് ചെയ്തത് വിവദത്തിലേയ്ക്കാണ് നയിച്ചിരിക്കുന്നത്. വെളുത്തവര്‍ഗക്കാര്‍ ട്രോഫിയേന്തിയ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിക്കൊപ്പം വലതുഭാഗത്തും കറുത്ത വര്‍ഗക്കാരും ടീമിലെ ഇരുനിറക്കാരും ഇടതുഭാഗത്തുമായാണ് നില്‍ക്കുന്നത്.
ചിത്രം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിറത്തിന്റെ അടിസ്ഥാനത്തില്‍ കളിക്കാര്‍ മാറിന്നിന്നതാണ് ചിത്രം ചര്‍ച്ചയാകാന്‍ കാരണം.
വെള്ളക്കാരായ ഡുപ്ലെസി, ഡീന്‍ എല്‍ഗര്‍, ഡിവില്ലിയേഴ്‌സ്, മോണെ മോര്‍ക്കല്‍, ഡുവാന്‍ ഒളിവിയര്‍, ക്രിസ് മോറിസ്, ഡെയ്ല്‍ സ്റ്റെയ്ന്‍, ക്വിന്റണ്‍ ഡികോക്ക്, ഐഡന്‍ മാര്‍ക്രം എന്നിവര്‍ കൂട്ടമായും വെള്ളക്കാരല്ലാത്ത ഹാഷിം അംല, ഫെഹ്ലുക്വായോ, ലുങ്കി എന്‍ഗീഡി, കഗീസോ റബാഡ, വെര്‍ണന്‍ ഫിലാന്‍ഡര്‍, കേശവ് മഹാരാജ് എന്നിവര്‍ മറ്റു വിഭാഗമായി നില്‍ക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്.
ഫോട്ടോ പോസിങ് അവിചാരിതമായി സംഭവിച്ചതാണെന്നും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ വിജയാഘോഷങ്ങളുടെ ചിത്രം ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ അതിനുള്ള ഉത്തരം ലഭിക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.