ഇന്ത്യയ്ക്കു വേണ്ടെങ്കിലും നോട്ടുകള്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണം

കണ്ണൂര്‍: ഇന്ത്യയ്ക്കു വേണ്ടാത്ത കോടിക്കണക്കിനു രൂപയുടെ നോട്ടുകള്‍ ആവശ്യപ്പെട്ടുകൊണ്ടു ദക്ഷിണാഫ്രിക്ക.

ഇന്ത്യ പിന്‍വലിച്ച 1000 രൂപയുടെയും 500 രൂപയുടെയും 800 ടണ്‍ നോട്ടുകള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടിരിക്കുന്നത്‌

2019ലാണ് ദക്ഷിണാഫ്രിക്കയില്‍ പൊതുതിരഞ്ഞെടുപ്പു നടക്കുക.

എന്നാല്‍ നോട്ടുകള്‍ ദക്ഷിണാഫ്രിക്കയിലെത്തുന്നത് കാര്‍ഡ് ബോര്‍ഡുകളുടെ രൂപത്തിലാണെന്നതാണ് പ്രത്യേകത.

അതേസമയം പ്ലക്കാര്‍ഡുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ഹാര്‍ഡ് ബോര്‍ഡുകള്‍ കയറ്റുമതി ചെയ്തു തുടങ്ങിയതായി വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജിങ്ങ്‌ ഡയറക്ടര്‍ പി.കെ.മായന്‍ മുഹമ്മദ് പറഞ്ഞു.സൗദി അറേബ്യയിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ചെറിയ തുണ്ടുകളായി കീറിയ നിലയിലാണ് നോട്ടുകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്നു കണ്ടെയ്‌നറുകളില്‍ എത്തിക്കുന്നത്.

ഇവ ആവിയില്‍ നന്നായി പുഴുങ്ങി, ഡിഫൈബ്രേറ്ററില്‍ അരച്ചെടുത്തു പള്‍പ്പാക്കുകയാണ് ചെയ്യുക.

നിരോധിച്ച് രണ്ടാഴ്ചയ്ക്കകം തന്നെ നോട്ടുകള്‍ ‘വെസ്റ്റേണ്‍ ഇന്ത്യ’യില്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. ടണ്ണിനു 128 രൂപയാണു റിസര്‍വ് ബാങ്ക് നിശ്ചയിച്ച വില.

നോട്ടുകള്‍ കത്തിച്ചു കളയാനാണ് ആദ്യം റിസര്‍വ് ബാങ്ക് ആലോചിച്ചതെങ്കിലും പരിസ്ഥിതി പ്രശ്‌നം പരിഗണിച്ച് തീരുമാനം മാറ്റുകയും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് അധികൃതരെ സമീപിക്കുകയുമായിരുന്നു.

നോട്ടുകള്‍ ചേര്‍ത്ത ഹാര്‍ഡ് ബോര്‍ഡിനു തിളക്കവും ഉറപ്പും കൂടുതലാണെന്നും ചില വ്യാപാരികള്‍ പ്രീമിയം ബ്രാന്‍ഡ് ആയാണു വില്‍ക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Top