പോര്‍ട്ട് എലിസബത്ത്: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 275 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്സിലെ ഹൈലൈറ്റ്. 17ാം ഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്സും സഹിതം 115 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ലുങ്കി എന്‍ഗിഡി ഒന്‍പത് ഓവറില്‍ 51 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
31.4 ഓവറില്‍ രണ്ടിന് 176 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്ലിയും രഹാനെയും റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്.
54 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത കോഹ്ലി, 23 പന്തില്‍ എട്ടു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ക്കു ശേഷം ഇന്ത്യന്‍ ഇന്നിങ്സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത് ശ്രേയസ് അയ്യര്‍ക്കു മാത്രമാണ്. അയ്യര്‍ 37 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 30 റണ്‍സെടുത്തു. 17 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സെടുത്ത ധോണി ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി തികഞ്ഞ പരാജയമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയിലാദ്യമായി ധവാനും രോഹിതും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 7.2 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 48 റണ്‍സ്. പതിവിനു വിപരീതമായി ധവാന്‍ ആദ്യം മടങ്ങിയപ്പോള്‍ കോഹ്‌ലിക്കൊപ്പം രോഹിത് ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 23 പന്തില്‍ എട്ടു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ധവാനെ റബാഡ ഫെലൂക്വായോയുടെ കൈകളിലെത്തിക്കുകയായിരുന്നു.