ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് നാളെ തുടക്കം. അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യത്തെ മത്സരം നാളെ രാത്രി 7 മണിക്ക് ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചതിനാൽ തന്നെ ഒട്ടേറെ യുവതാരങ്ങൾ ടീമിലുണ്ടാവും. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സ്ക്രീനിങ് പ്രോസസ് കൂടിയാണ് പരമ്പര.
കെഎൽ രാഹുൽ, ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാൻ കിഷൻ എന്നീ മൂന്ന് ഡെസിഗ്നേറ്റഡ് ഓപ്പണർമാരാണ് ഇന്ത്യക്കുള്ളത്. ഇതിൽ ആരൊക്കെ ഓപ്പൺ ചെയ്യുമെന്നതാണ് ഒന്നാമത്തെ ചോദ്യം. ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, ഹാർദ്ദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹാൽ, അർഷ്ദീപ് സിംഗ് എന്നിങ്ങനെയാവും ആദ്യ മത്സരങ്ങളിലെ ഇലവൻ. ഉമ്രാൻ മാലിക്ക്, ദീപക് ഹൂഡ, ആവേശ് ഖാൻ, രവി ബിഷ്ണോയ്, വെങ്കടേഷ് അയ്യർ, കുൽദീപ് യാദവ് എന്നിവർക്ക് വരും മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും.