south africa transformed mohandas into mahatma

ജോഹന്നാസ്ബര്‍ഗ് : മോഹന്‍ദാസിനെ മഹാത്മയാക്കിയത് ദക്ഷിണാഫ്രിക്കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിനിടെ വെള്ളിയാഴ്ച പതിനായിരത്തിലധികം വരുന്ന ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല എന്നീ മഹാത്മാക്കളുടെ കര്‍മഭൂമിയായിരുന്നു ദക്ഷിണാഫ്രിക്ക.

വര്‍ണവിവേചനത്തിന്റെ കാലത്ത് ദക്ഷിണാഫ്രിക്കയെ അപലപിച്ച ഇന്ത്യ തന്നെ പിന്നീട് വര്‍ണവിവേചനം അവസാനിപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ പുല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധി, നെല്‍സണ്‍ മണ്ടേല എന്നീ മഹാത്മാക്കള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനുള്ള അവസരമാണ് ഈ സന്ദര്‍ശനമെന്നും കോളനിവത്കരണത്തിനും ജാതി വിവേചനത്തിനും എതിരായി ഇരു രാജ്യങ്ങളും തുടര്‍ന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി, പ്രിട്ടോറിയയില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് രണ്ട് രാഷ്ട്ര തലവന്‍മാരും സംയുക്ത പത്രസമ്മേളനവും നടത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണം വിപുലപ്പെടുത്തുന്നതിനും പ്രതിരോധം, ഉല്‍പാദനം, ഖനനം തുടങ്ങിയ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും ഇരു രാജ്യങ്ങളുടെ തലവന്‍മാരും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായി.

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥാരാംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് ദക്ഷിണാഫ്രിക്കയുടെ പിന്തുണ ലഭിച്ചിരുന്നു. ആണവ വിതരണ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ദക്ഷിണാഫ്രിക്ക സ്വീകരിച്ച അനുകൂല നിലപാടില്‍ മോദി രാജ്യത്തിന്റെ നന്ദി അറിയിക്കുകയും ചെയ്തു.

ഊര്‍ജ രംഗത്ത് അടക്കം ആഫ്രിക്കയിലെ സ്വകാര്യ സംരംഭകരുടെ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തുന്നതിനും മറ്റു ഉടമ്പടികളില്‍ ഏര്‍പ്പെടുന്നതിനും ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മോദിയുടെ വിദേശ പര്യടനം.

ആദ്യം മൊസാമ്പിക് സന്ദര്‍ശിച്ചതിനു ശേഷമാണ് മോദി ദക്ഷിണാഫ്രിക്കയിലെത്തിയത്. വെള്ളിയാഴ്ച പ്രിട്ടോറിയ, ജോഹന്നാസ്ബര്‍ഗ്ഗ് എന്നിവിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്ത മോദി, ഇന്ന് ഡര്‍ബനും സന്ദര്‍ശിക്കും. തുടര്‍ന്ന് താന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും.

Top