ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക – നെതര്‍ലന്‍ഡ്‌സിനെ നേരിടും. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയിലാണ് മത്സരം നടക്കുന്നത്. ഗ്രൗണ്ടിന്റെ നിലവാരത്തെക്കുറിച്ച് നേരത്തെ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ താരം മുജീബ് അര്‍ റഹ്‌മാന്‍ ധര്‍മ്മശാല സ്റ്റേഡിയത്തില്‍ ഫീല്‍ഡിങ്ങിനിടെ മുട്ടിന് പരിക്കേല്‍ക്കാതെ കഷ്ടിച്ചാണ് രക്ഷപെട്ടത്. പിന്നാലെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തിന് ശേഷവും സ്റ്റേഡിയത്തിനെതിരെ ഗുരുതര വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സ്റ്റേഡിയത്തിന്റെ നിലവാരത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമ.
ലോകകപ്പില്‍ രണ്ട് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. ശ്രീലങ്കയെയും ഓസ്‌ട്രേലിയയെയുമാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. നെതര്‍ലന്‍ഡ്‌സ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ടു. എങ്കിലും അപ്രതീക്ഷിത അട്ടിമറി നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നെതര്‍ലന്‍ഡ്‌സ്.
ധര്‍മ്മശാല ലോകത്തിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ്. ഇന്നലെ ദക്ഷിണാഫ്രിക്കന്‍ ടീം ഇവിടെ പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഈ സ്റ്റേഡിയത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ വ്യത്യസ്ത ടെക്‌നിക്കുകള്‍ ഉപയോഗിക്കണം. പ്രത്യേകിച്ച് താരങ്ങള്‍ ഡൈവ് ചെയ്യുമ്പോള്‍. നാളത്തെ മത്സരത്തില്‍ വിക്കറ്റ് വീഴുന്നതാവും മത്സരവിധി നിര്‍ണയിക്കുകയെന്നും തെംബ ബാവുമ വ്യക്തമാക്കി.