കേപ് ടൗണ്‍: ഇസ്രയേല്‍ അനുകൂല പരാമര്‍ശം നടത്തിയ ചീഫ് ജസ്റ്റിസ് മാപ്പു പറയണമെന്ന് ദക്ഷിണാഫ്രിക്കന്‍ കോടതി. ജൂണില്‍ ഇസ്രായേല്‍ അനുകൂല പരാമര്‍ശത്തിലൂടെ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ ലംഘിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ചീഫ് ജസ്റ്റിസ് മൊഗൊങ് മൊഗൊങ്ങ് മാപ്പ് പറയണമെന്ന് രാജ്യത്തെ ജുഡീഷ്യറിയെ നിയന്ത്രിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷന്‍ (ജെഎസ്സി) നിര്‍ദേശിച്ചത്. പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും പരസ്യമായി മാപ്പു പറയാനുമാണ് ജെഎസ്സി ഉത്തരവിട്ടത്.
ജൂണില്‍, ഇസ്രായേല്‍ പത്രമായ ജറുസലേം പോസ്റ്റ് സംഘടിപ്പിച്ച ഒരു വെബിനാറില്‍ പങ്കെടുക്കവേയാണ് ചീഫ് ജസ്റ്റിസ് മൊഗാങ് വിവാദ പരാമര്‍ശം നടത്തിയത്. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ഇസ്രായേലിനെ സ്നേഹിക്കാനും യഥാര്‍ത്ഥത്തില്‍ ഇസ്രായേലിന്റെ സമാധാനം എന്നര്‍ത്ഥം വരുന്ന ജറുസലേമിന്റെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാനും താന്‍ ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ തനിക്ക് ഇസ്രായേലിനോടുള്ള സ്നേഹവും പ്രാര്‍ത്ഥനയുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല, കാരണം എന്റെ ജനതയ്ക്ക് ഇസ്രായേലിനോടുള്ള വിദ്വേഷം എനിക്കറിയാം,നമ്മുടെ ജനതയ്ക്ക് അഭൂതപൂര്‍വമായ ശാപങ്ങള്‍ മാത്രമേ അതു കൊണ്ട് നേടാനാവൂ’- അദ്ദേഹം പറഞ്ഞു.