സെഞ്ചൂറിയന്‍: ഏകദിന പരമ്പരയിലെ രണ്ടാം ദിനത്തില്‍ വിജയിച്ച ഇന്ത്യ ജയം ആഘോഷിക്കുമ്പോള്‍ കൗതുകമായ ആവശ്യവുമായി ദക്ഷിണാഫ്രിക്ക രംഗത്ത്. ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് കോച്ച് തമാശ കലര്‍ന്ന ചോദ്യം ചോദിച്ചിരിക്കുന്നത്.
‘ഇന്ത്യന്‍ സ്പിന്നര്‍മാരെ നെറ്റ്‌സില്‍ പന്തെറിയാന്‍ വിട്ടു തരുമോ’ എന്നാണ് കോച്ച് ഡെയ്ല്‍ ബെങ്ക്‌സ്‌റ്റൈന്‍ തമാശ രീതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഇത് വളരെ ബുദ്ധിമുട്ടാണ്, ഇന്ത്യന്‍ സ്പിന്നര്‍മാരെ നെറ്റ്‌സില്‍ പന്തെറിയാന്‍ ലഭിച്ചാലേ, എന്തെങ്കിലുമൊക്കെ നടക്കൂ,’ കോച്ച് മാധ്യമങ്ങളോട് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍മാരായ ഇമ്രാന്‍ താഹിറിനെയും തബ്രീസ് ഷംസിയെയും കുറിച്ച് ചോദിച്ചപ്പോള്‍ ‘ അവരുടെ പന്തുകള്‍ക്ക് അല്‍പ്പമെങ്കിലും വേഗതയുണ്ട്, എന്നാല്‍ ചാഹലും കുല്‍ദീപും പന്തെറിയുന്നത് വളരെ പതുക്കെയാണ്, ബാറ്റ്‌സ്മാര്‍ അത് കൊണ്ട് തന്നെ വളരെയധികം ബുദ്ധിമുട്ടി’ എന്നാണ് നല്‍കിയ മറുപടി.
വേഗത കുറഞ്ഞ നിലയില്‍ പന്തെറിയാന്‍ താരങ്ങളെ നോക്കുന്നുണ്ടെന്നും കുറച്ചു താരങ്ങളെ ലഭിച്ചിട്ടുണ്ടെന്നും ബെങ്ക്‌സ്‌റ്റൈന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കത്തിലുള്ള തകര്‍ച്ച കണ്ടപ്പോള്‍ ടാക്‌സി വിളിച്ച് റൂമില്‍ പോവാന്‍ തോന്നിയെന്നും ബെങ്ക്‌സ്‌റ്റൈന്‍ പറഞ്ഞു. തമാശകള്‍ കൊണ്ട് വാര്‍ത്താ താരമാകുന്ന വ്യക്തിയാണ് ഡെയ്ല്‍ ബെങ്ക്‌സ്‌റ്റൈന്‍.