ലോകകപ്പിലെ ദയനീയ പ്രകടനം കണക്കിലെടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ അഴിച്ചുപണി. കോച്ച് ഓട്ടിസ് ഗിബ്‌സണെയും സഹപരിശീലകരെയും അടക്കം ടീം മാനേജ്‌മെന്റിനെ ഒന്നാകെ മാറ്റി. ഫുട്‌ബോളിലെ മാതൃകയില്‍, ടീമംഗങ്ങളെയും സഹപരിശീലകരെയും നിയമിക്കാന്‍ സ്വാതന്ത്ര്യമുള്ള ടീം മാനേജരെ നിയമിക്കും. മാനേജര്‍ക്ക് മുകളില്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഉണ്ടാകും. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം കോറി വാന്‍ സിലിനെ താല്‍കാലിക ഡയറക്ടറായി നിയമിച്ചു. പരിശീലക സംഘത്തെ മാറ്റാന്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചെങ്കിലും ഞായറാഴ്ചയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (സി.എസ്.എ) തീരുമാനം പുറത്തുവിട്ടത്.
കഴിഞ്ഞ മാസം സമാപിച്ച ലോകകപ്പ് മത്സരങ്ങളില്‍ ഒമ്പതില്‍ ആറും തോറ്റതിനെത്തുടര്‍ന്നാണ് നടപടി.
ടീമിനെ ഒന്നാകെ മാറ്റുമോ എന്ന കാര്യം വ്യക്തമല്ല. ലോകകപ്പില്‍ ടീമിനെ നയിച്ച ഫാഫ് ഡുപ്ലെസിയെ കഴിഞ്ഞവര്‍ഷത്തെ മികച്ച ദക്ഷിണാഫ്രിക്കന്‍ താരമായി ശനിയാഴ്ച തിരഞ്ഞെടുത്തിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ പുതിയ തുടക്കം കുറിക്കാനാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് സി.ഇ.ഒ. തബാങ് മോറോ പറഞ്ഞു. അടുത്തമാസം ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കാനെത്തും. അതിനുമുമ്പ് പുതിയ മാനേജരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും നിയമിക്കണം.