കൊറോണാവൈറസ് പോസിറ്റീവായി സ്ഥിരീകരിച്ചതിന് ശേഷവും ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാതെ പുറത്ത് കറങ്ങിയ രോഗികള്‍ക്ക് എതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ്. മറ്റുള്ളവര്‍ക്ക് ഇന്‍ഫെക്ഷന്‍ പകരാന്‍ ഇടയാക്കിയതിന്റെ പേരിലാണ് രണ്ട് പുരുഷ രോഗികള്‍ക്ക് എതിരെ സൗത്ത് ആഫ്രിക്കയിലെ പോലീസ് വധശ്രമത്തിന് കേസെടുത്തത്.
കൊറോണാവൈറസ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്തിന് മുന്നോടിയായാണ് വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരായ നടപടികളെക്കുറിച്ച് പോലീസ് മന്ത്രി ഭേകി സെലെ വിശദീകരിച്ചത്. ‘ഈ നിബന്ധനകള്‍ ലംഘിച്ചാല്‍ ആര് മാസത്തേക്ക് അകത്ത് കിടക്കാം, അല്ലെങ്കില്‍ പിഴയും, ഇവ രണ്ടും ചേര്‍ത്തും പ്രഖ്യാപിക്കാം. രണ്ട് പേര്‍ക്കെതിരെ കുറ്റം ചുമത്തിക്കഴിഞ്ഞു. പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടും ഇത് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് എതിരെയാണ് നടപടി’, സെലെ വ്യക്തമാക്കി.
കൊറോണ സ്ഥിരീകരിച്ച ഒരു സലൂണ്‍ ഉടമ ക്വാറന്റൈന്‍ ലംഘിച്ച് തന്റെ ബിസിനസ്സ് തുടരുകയായിരുന്നെന്ന് പോലീസ് വക്താവ് പറഞ്ഞു. ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയ പുരുഷ ടൂറിസ്റ്റാണ് കൊവിഡ്19 സ്ഥിരീകരിച്ച ശേഷവും ക്വാറന്റൈന്‍ നല്‍കിയ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി പരിസരത്തെ ആളുകളുമായി സമ്പര്‍ക്കത്തില്‍ വന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് സൗത്ത് ആഫ്രിക്കയിലാണ്.
ഇതുവരെ 709 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. എട്ട് ദിവസം കൊണ്ട് ആറിരട്ടിയായി പോസിറ്റീവ് രോഗികളുടെ എണ്ണമേറിയതോടെ 21 ദിവസത്തെ ലോക്ക്ഡൗണാണ് പ്രസിഡന്റ് സിറില്‍ റാമഫോസാ പ്രഖ്യാപിച്ചിരിക്കുന്നത്.