കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഗതാഗത മന്ത്രി സിന്ദിസിനെ ചിക്കുംഗയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി, സ്വകാര്യ വസ്തുക്കളും മന്ത്രിയുടെ അംഗരക്ഷകരില്‍ നിന്ന് രണ്ട് ദക്ഷിണാഫ്രിക്കന്‍ പോലീസ് സര്‍വ്വീസ് പിസ്റ്റളുകളും മോഷ്ടിച്ചതായി റിപ്പോര്‍ട്ട്. മന്ത്രിയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയാണ് അക്രമികള്‍ കവര്‍ച്ച നടത്തിയതെന്ന് ദക്ഷിണാഫ്രിക്കന്‍ പോലീസ് പറയുന്നു. തിങ്കളാഴ്ച നടന്ന സംഭവത്തില്‍ മന്ത്രി സിന്ദിസിവെ ചിക്കുംഗയ്ക്ക് പരിക്കുകളൊന്നും ഇല്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ആ അനുഭവം ഏറെ ആഘാതവും വിനാശകരവുമായ ഒന്നായിരുന്നു’വെന്ന് മന്ത്രി സിന്ദിസിനെ ചിക്കുംഗ പാര്‍ലമെന്റ് കമ്മിറ്റിയില്‍ പറഞ്ഞു.
മന്ത്രിയുടെ ലാപ്‌ടോപ്പും ഫോണും മോഷ്ടിക്കപ്പെട്ടു. പണം ആവശ്യപ്പെട്ടെങ്കിലും മന്ത്രിയുടെ കൈയില്‍ 200 റാന്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മന്ത്രിക്ക് നേരെ നടന്ന മോഷണത്തെ തുടര്‍ന്ന് വ്യാപകമായ തിരച്ചില്‍ ആരെഭിച്ചെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും പോലീസ് പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ഉന്നതോദ്യോഗസ്ഥരടങ്ങിയ മാഫിയാ ബന്ധങ്ങള്‍ നേരത്തെ വാര്‍ത്തയായിരുന്നു. യുദ്ധ മേഖലയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിലൊന്നായി ദക്ഷിണാഫ്രിക്ക അറിയപ്പെടുന്നു. രാജ്യത്ത് ഒരു ദിവസം 500 അധികം കവര്‍ച്ചകളും 70 ഓളം കൊലപാതകങ്ങളും നടക്കുന്നുവെന്ന് പോലീസ് രേഖകള്‍ കാണിക്കുന്നു.
ജോഹന്നാസ്ബര്‍ഗിന് തെക്ക് ഭാഗത്തെ ഒരു ഹൈവേയിലൂടെ പോകവെ മന്ത്രി ചിക്കുംഗയുടെ കാറിന്റെ ടയറുകള്‍ പഞ്ചറായി. പിന്നാലെ മന്ത്രി കാര്‍ നിര്‍ത്താന്‍ നിര്‍ബന്ധിതയായി. ടയറുകള്‍ മാറ്റാനായി മന്ത്രിയുടെ അംഗരക്ഷകര്‍ കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍, മുഖാവരണം ധരിച്ച, നന്നായി വസ്ത്രധാരണം ചെയ്ത തോക്കുധാരികള്‍ പെട്ടെന്ന് എത്തുകയും അംഗരക്ഷകരെ നിരായുധരാക്കുകയും ചെയ്തു. ‘അവര്‍ കാറിന്റെ ഡോര്‍ തുറന്നു. എന്റെ തലയിലേക്ക് തോക്ക് ചൂണ്ടി പുറത്തിറങ്ങാന്‍ എന്നോട് ആവശ്യപ്പെട്ടു,’ മന്ത്രി സിന്ദിസിനെ ചിക്കുംഗ വിവരിച്ചു. കവര്‍ച്ചക്കാര്‍ കാറില്‍ നിന്ന് മന്ത്രിയുടെ സ്വകാര്യ വസ്തുക്കളും രണ്ട് പോലീസ് സര്‍വ്വീസ് പിസ്റ്റളുകളും മോഷ്ടിച്ചതായി ദക്ഷിണാഫ്രിക്കന്‍ പോലീസ് അറിയിച്ചു.