ഫുട്‌ബോള്‍ ഇതിഹാസമായ ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയ്ക്ക് കോപ്പ ലിബര്‍ട്ടഡോറസില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. പ്രമുഖ അര്‍ജന്റീന മാധ്യമമായ ടി.വൈ.സി. സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ചിക്വി ടാപ്പിയയുടെ ഇടപെടലിനെ തുടര്‍ന്നാണ് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ കോണ്‍മെബോള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.
ബ്രസീലിലെയും അര്‍ജന്റീനയിലെയും മറ്റ് ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളിലെയും പ്രമുഖ ക്ലബ്ബുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ് കോപ്പ ലിബര്‍ട്ടഡോറസ്. മെസി കളിക്കാന്‍ എത്തിയാല്‍ ടൂര്‍ണമെന്റിന്റെ സ്വീകാര്യത ദക്ഷിണ അമേരിക്കയ്ക്ക് പുറത്തേക്ക് വ്യാപിക്കും. ഇത് കണക്കിലെടുത്താണ് കോണ്‍മെബോള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്.
അമേരിക്കന്‍-മെക്‌സിക്കന്‍ ലീഗുകളിലെ 47 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗ്‌സ് കപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുകയാണ് ഇന്റര്‍ മയാമി. ഞായറാഴ്ച അരങ്ങേറുന്ന കലാശപ്പോരില്‍ നാഷ് വില്ലാണ് ഇന്റര്‍ മയാമിയുടെ എതിരാളികള്‍. 6 മത്സരങ്ങളില്‍ നിന്ന് 9 ഗോളുകള്‍ നേടി തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ മികവിലാണ് ഇന്റര്‍ മയാമിയുടെ പ്രതീക്ഷ. ക്ലബ്ബിന്റെ ചരിത്രത്തിലെ കന്നി കിരീടമാണ് ഇന്റര്‍ മയാമി ലക്ഷ്യമിടുന്നത്.