പോർച്ചുഗലിനെ തകർത്ത് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിൽ; ജയിച്ചെങ്കിലും ഉറുഗ്വെ പുറത്ത്

ദോഹ: പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീ ക്വാര്‍ട്ടറിൽ.  നിര്‍ണായക മത്സരത്തില്‍ ഉറുഗ്വെ രണ്ട് ഗോളിന് ജയിച്ചെങ്കിലും പ്രീ ക്വാര്‍ട്ടർ കാണാതെ പോയി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് കൊറിയ. ഘാനയ്ക്ക് ഒരിക്കല്‍കൂടി പിഴച്ചു. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ തന്നെയാണ് ആറ് പോയിന്റുമായി ഒന്നാമത്.

കൊറിയയുടെ അപ്രതീക്ഷിത ജയമാണ് ഉറുഗ്വെക്ക് പുറത്തേക്കുള്ള വഴി തുറന്നത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ അവസാന നിമിഷം ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും സ്വന്തമാക്കി.

ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകൡലായിന്നു ഉറുഗ്വെ ഗോള്‍ നേടിയത്. ഒരു ഗോൾ കൂടി നേടിയിരുന്നേൽ ഉറുഗ്വെക്ക്‌ പ്രീ ക്വാർട്ടറിൽ എത്താമായിരുന്നു.

Top