സിയോള്‍: ഉത്തരകൊറിയ- ദക്ഷിണകൊറിയ സൈനിക ചര്‍ച്ചകള്‍ ഈ മാസം തന്നെ നടന്നേക്കുമെന്ന് സൂചന.
ദക്ഷിണകൊറിയന്‍ പ്രതിരോധ വകുപ്പ് സഹമന്ത്രി സുഹ് ചു-സുക് ആണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ഈ മാസം ചര്‍ച്ചകള്‍ നടത്താമെന്ന നിര്‍ദേശം ദക്ഷിണകൊറിയയാണ് മുന്നോട്ട് വച്ചത്. ചര്‍ച്ച നടത്താന്‍ സന്നദ്ധരാണെന്ന് ഉത്തരകൊറിയും അറിയിച്ചതായാണ് വിവരം.
ജൂലൈ 21ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരങ്ങള്‍. 2014ന് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തുന്ന ആദ്യ സൈനിക ചര്‍ച്ചയായിരിക്കുമിത്.
സൈനിക ചര്‍ച്ചകള്‍ക്ക് പുറമേ ഇരു രാജ്യത്തു നിന്നുമുള്ള റെഡ്‌ക്രോസ് പ്രതിനിധികള്‍ തമ്മിലും ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനായിരിക്കും ഇത്.
സൈനിക ചര്‍ച്ചയുടെ അജണ്ട ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷണങ്ങള്‍ സംബന്ധിച്ച് തന്നെയാകും ചര്‍ച്ചകള്‍ നടക്കുകയെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.
ഉത്തരകൊറിയ ഈ വര്‍ഷം മാത്രം 11 ആണവ മിസൈല്‍ പരീക്ഷണങ്ങളാണ് നടത്തിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ പാടെ അവഗണിച്ചായിരുന്നു ഉത്തരകൊറിയയുടെ ഈ പരീക്ഷണങ്ങളെല്ലാം.