സോള്‍ : അന്താരാഷ്ട്ര തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ മറികടന്ന് ഉത്തരകൊറിയയിലേക്ക് രഹസ്യമായി എണ്ണ നല്‍കുന്നുവെന്ന സംശയത്തില്‍ ദക്ഷിണകൊറിയ വീണ്ടും കപ്പല്‍ പിടിച്ചെടുത്തു. ഇത്തവണ പിടിയിലായത് പാനമയില്‍ റജിസ്റ്റര്‍ ചെയ്ത കപ്പലാണ്.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മറികടന്ന് ഉത്തരകൊറിയയിലേക്ക് എണ്ണ കടത്തിയതിന് ലൈറ്റ്ഹൗസ് വിന്‍മോര്‍ എന്ന ഹോങ്കോങ് രജിസ്റ്ററിലുള്ള കപ്പൽ ദക്ഷിണ കൊറിയ നേരത്തെ പിടിച്ചെടുത്തിരുന്നു.ചൈന, മ്യാന്‍മര്‍ രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാർ ഉൾപ്പെടുന്ന കപ്പലിന് 5,100 ടണ്‍ ഓയില്‍ ഉള്ളക്കൊള്ളാനാകും. ദക്ഷിണ കൊറിയന്‍ ഇന്റലിജന്റ്‌സ് ഏജന്‍സി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സമുദ്രത്തില്‍വെച്ച് ആദ്യം പിടിച്ചെടുത്ത ലൈസ് ഹൗസ് വിന്‍മോര്‍ കപ്പല്‍ ഉത്തര കൊറിയന്‍ കപ്പലിലേക്കു 600 ടണ്‍ എണ്ണ കൈമാറിയെന്നു ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എണ്ണ കൈമാറ്റം സംബന്ധിച്ചു സാറ്റ്‌ലൈറ്റ് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
ലോകരാജ്യങ്ങളെ മറികടന്ന് നിരന്തരമായി ആണവ പരീക്ഷണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.യുഎന്‍ ഉപരോധം ലംഘിച്ച് ഉത്തര കൊറിയയ്ക്ക് എണ്ണ നല്‍കിയ ആറു കപ്പലുകള്‍ യുഎന്‍ കരിമ്പട്ടികയില്‍പ്പെടുത്താനുള്ള യുഎസ് ശ്രമം ചൈന തടഞ്ഞിരുന്നു.
ആറു കപ്പലുകളിൽ ഇതിൽ അഞ്ചെണ്ണവും ചൈന -ഹോങ്കോങ് കമ്പനികളുടേതാണെന്നും ചൈനയിലെ ഗുവാങ്‌സു തുറമുഖത്തുനിന്നു പുറപ്പെട്ടവയാണെന്നും യുഎസ് ചാര ഉപഗ്രഹങ്ങള്‍ കണ്ടെത്തി. എന്നാൽ ഉപരോധം മറികടന്ന് ഒരു ഇടപാടുകളും നടത്തിയിട്ടില്ലെന്ന് ചൈന അറിയിച്ചു.