ഒസാന്‍ വ്യോമത്താവളം: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിന് പിന്നാലെ അമേരിക്ക ദക്ഷിണ കൊറിയയുടെ ആകാശത്ത് യുദ്ധ വിമാനങ്ങള്‍ പറന്നു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങളാണ് വട്ടമിട്ട് പറന്നത്.
ഉത്തരകൊറിയയുടെ ഭീഷണിയില്‍ നിന്ന് ദക്ഷിണ കൊറിയയെ സംരക്ഷിക്കാനാണ് യുദ്ധവിമാനം വിന്യസിച്ചതെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ആണവ പരീക്ഷണത്തെ തങ്ങള്‍ ഭയപ്പെടുന്നില്ല എന്ന് ഉത്തരകൊറിയയെ ബോദ്ധ്യപ്പെടുത്തുക കൂടിയാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
ബി 52 വിമാനങ്ങളെ കൂടാതെ ദക്ഷിണ കൊറിയയുടെ എഫ്15, അമേരിക്കയുടെ തന്നെ എഫ്16 വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തി. അല്‍പനേരത്തെ പറക്കലിനു ശേഷം വിമാനങ്ങള്‍ ഗുവാം വ്യോമത്താവളത്തിലേക്ക് മടങ്ങിപ്പോയി.
ചൈനയോട് മാത്രമാണ് ഉത്തരകൊറിയ അല്‍പമെങ്കിലും അടുപ്പം പുലര്‍ത്തുന്നത്. അയല്‍രാജ്യമായ ദക്ഷിണകൊറിയയും ജപ്പാനും അമേരിക്കയ്‌ക്കൊപ്പം ശത്രുപക്ഷത്താണ്. ബോംബ് പരീക്ഷണം അവസാനിപ്പിക്കണമെന്ന് ഉത്തരകൊറിയയ്ക്ക് ദക്ഷിണ കൊറിയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അത് ചെവിക്കൊണ്ടിട്ടില്ല.