സോൾ : കൊറിയൻ രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് ഇരു രാജ്യങ്ങളും ചർച്ച നടത്തുന്നതിലൂടെ പുതിയ മുഖം കൈവന്നിരിക്കുകയാണ്. രണ്ടു വർഷത്തിനിടയിൽ ആദ്യമായിയാണ് ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ നേരിട്ടുള്ള ആശയവിനിമയം നടത്തുന്നത്.
ഉത്തര കൊറിയ്ക്കുള്ള ഉപരോധം താൽക്കാലികമായി പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കി.അടുത്ത മാസം ദക്ഷിണകൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്സിൽ ഉത്തരകൊറിയയുടെ താരങ്ങൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നടത്തിയ ഉന്നതതല ചർച്ചയിലാണ് ഈ കാര്യം അറിയിച്ചത്.
പ്യോങ്യാങിന്റെ ആണവ പരീക്ഷണങ്ങൾക്ക് ദക്ഷിണകൊറിയ പ്രകടിപ്പിച്ചിരുന്ന എതിർപ്പുകൾക്കുകൂടി ഈ ചർച്ചയിലൂടെ തീരുമാനമാകുമെന്നാണ് വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. എന്നാൽ അമേരിക്കയെ പിന്തള്ളി ദക്ഷിണകൊറിയയ്ക്ക് പെട്ടന്ന് ഇത്തരത്തിൽ ഒരു നടപടി സ്വീകരിക്കാൻ കഴിയില്ല. അതിനാൽ വ്യക്തമായ ചർച്ചയിലൂടെ മാത്രമേ കൊറിയൻ രാജ്യങ്ങൾ ഉപരോധങ്ങൾക്ക് പരിഹാരം കാണുകയുള്ളു.
ഒളിമ്പിക്സിന് വേണ്ടി ദക്ഷിണകൊറിയ പ്യോങ്യാങിന്റെ ഉപരോധം താത്കാലികമായി പിൻവലിക്കുകയാണെങ്കിൽ അത് ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിനോടും, മറ്റ് രാജ്യങ്ങളുമായും ചർച്ച നടത്തിയതിന് ശേഷമാകുമെന്നും വിദേശ മന്ത്രാലയ വക്താവ് റോ കെ ക്യു-ദിയോക്ക് അറിയിച്ചു.