South Sudan independence day violence leaves nearly 150 dead

ജൂബ: ദക്ഷിണ സുഡാനില്‍ സ്വാതന്ത്ര്യദിനത്തില്‍ നടന്ന അക്രമങ്ങളില്‍ സാധാരണക്കാരും പട്ടാളക്കാരുമടക്കം 150 പേര്‍ കൊല്ലപ്പെട്ടു.

സുഡാന്‍ പ്രസിഡന്റ് സാല്‍വാ കീറിനെ പിന്തുണയ്ക്കുന്നവരും വൈസ് പ്രസിഡന്റ് റിയക് മച്ചറിനെ പിന്തുണയ്ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

വെള്ളിയാഴ്ച രാത്രി മുഴുവന്‍ തുടര്‍ന്ന വെടിവെപ്പ് ശനിയാഴ്ചയോടെ അവസാനിച്ചതായി റിയക് മച്ചറിന്റെ വക്താവ് ജെയിംസ് ഗാറ്റ്ഡറ്റ് ഡാക് അറിയിച്ചു.

പ്രസിഡന്റിന്റെ സംരക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥ സംഘത്തിലെ നിരവധി പേരെ സംഘര്‍ഷത്തില്‍ കാണാതായതും ഇവര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് സംശയിക്കുന്നതായും മച്ചറിന്റെ മറ്റൊരു വക്താവ് ന്യര്‍ഗി റോമന്‍ അറിയിച്ചു.

സുഡാന്റെ തലസ്ഥാന നഗരമായ ജൂബയിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത് എന്ന് ഓഫീസ് ഓഫ് ദി സൗത്ത് സുഡാന്‍ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫിന്റെ ഔദ്യോഗിക വക്താവ് ഒരു പ്രാദേശിക ചാനലിന് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.

ശനിയാഴ്ചയോടെ ജൂബയിലും പരിസര പ്രദേശങ്ങളിലുമുള്ള മൊബൈല്‍ ഫോണ്‍ നെറ്റ് വര്‍ക്കുകള്‍ മുഴുവന്‍ തകരാറിലായിരുന്നു. അസ്വാഭാവികമായത് എന്തോ സംഭവിക്കാന്‍ പോകുന്നതായി സംശയിച്ച ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് പ്രദേശവാസികളോട് പുറത്തിറങ്ങരുത് എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരാക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഉദ്യോദസ്ഥര്‍ അറിയിച്ചു.

സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാനായി ഏതറ്റം വരെയുള്ള ചെറുത്തുനില്‍പ്പിനും സൈന്യം സജ്ജമാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ലുള്‍ റുവായ് കോങ് അറിയിച്ചു.

സുഡാനില്‍ നിന്നും മോചനമാവശ്യപ്പെട്ട് നടന്ന വോട്ടെടുപ്പില്‍ 98% പേരുടെ ഭൂരിപക്ഷത്തോടെയാണ് 2011 ല്‍ ദക്ഷിണ സുഡാന്‍ സ്വതന്ത്ര രാഷ്ട്രമായത്. എന്നാല്‍ വൈകാതെ തന്നെ ഇവിടെ ഗോത്രങ്ങള്‍ തമ്മിലുള്ള ആഭ്യന്തര കലഹം ശക്തമായി.

ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ 50,000 പേര്‍ കൊല്ലപ്പെടുകയും 20 ലക്ഷത്തോളം പേര്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെടുകയും 5 ലക്ഷത്തോളം പേര്‍ ഭക്ഷണദൗര്‍ലഭ്യം അഭിമുഖീകരിക്കുകയും ചെയ്തു.

ഇതിനെ തുടര്‍ന്ന് ആഗസ്തില്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടിയില്‍ കീറിനെ പ്രസിഡന്റായും മച്ചറിനെ ഒന്നാമത്തെ വൈസ്പ്രസിഡന്റായും നിയമിച്ചുവെങ്കിലും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല.

തര്‍ക്കങ്ങള്‍ പരിഹരിക്കാനായി കീറും മച്ചറും പ്രസിഡന്റിന്റെ വസതിയില്‍ വെച്ചു നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് വെള്ളിയാഴ്ച വെടിവെപ്പുണ്ടായത്.

ഈ സംഘര്‍ഷം പിന്നീട് പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. എന്നാല്‍ ആരുടെ ഭാഗത്തുനിന്നാണ് ആദ്യ വെടിവെപ്പുണ്ടായത് എന്നതിനെക്കുറിച്ച് പറയാന്‍ ഇരുനേതാക്കളും വിസമ്മതിച്ചു.

Top