സര്‍ക്കസില്‍ ആന സൈക്കിള്‍ ചവിട്ടുന്നത് കണ്ട് രസിക്കുന്നവര്‍ യഥാര്‍ഥ ജീവിതത്തില്‍ അത് ഉള്‍കൊള്ളില്ലെന്ന് യുപി ജനതയും തെളിയിച്ചു. ബി.എസ്.പിയുടെ ആന എസ്പിയുടെ സൈക്കിളില്‍ കയറി എത്തിയപ്പോള്‍ മൂക്കും കുത്തിയാണ് നിലത്ത് വീണത്. 80 ലോക്‌സഭാ സീറ്റുള്ള യു.പി പിടിക്കാനായി ജാതി, മത സമവാക്യവുമായാണ് മായാവതിയും അഖിലേഷും ഒന്നിച്ചിരുന്നത്. ഇരുവരും നേതൃത്വം നല്‍കിയ മഹാസഖ്യത്തിന്റെ ഭീഷണിയെ അതിജീവിക്കുന്ന വിജയമാണ് യു.പിയില്‍ ബി.ജെ.പി ഇപ്പോള്‍ നേടിയിരിക്കുന്നത്.
ഇതിനകം തന്നെ 63 സീറ്റിലാണ് ബിജെപി മുന്നണി വിജയിച്ചത്. രാഹുലിന്റെ അമേഠിയും ബിജെപി പിടിച്ചെടുത്തു.കോണ്‍ഗ്രസ് നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച സംഭവമാണിത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുഖവിലക്കെടുത്താണ് എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസും മഹാസഖ്യമായി മത്സരിക്കാന്‍ തീരുമാനിച്ചത്. യോഗി ആദിത്യനാഥ് യു.പിമുഖ്യമന്ത്രിയായശേഷം ലോക്‌സഭയിലേക്കു നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ സഖ്യത്തിനായിരുന്നു വിജയം.
എസ്.പിയും, ബി.എസ്.പിയും കോണ്‍ഗ്രസും, രാഷ്ട്രീയ ലോക്ദളും ഒരുമിച്ചതോടെ മൂന്നു ലക്ഷത്തിലേറെ വോട്ടിന് യോഗി വിജയിച്ച ഖൊരക്പൂരിലും ഫുല്‍പൂരിലും എസ്.പിയും കയിരാന മണ്ഡലത്തില്‍ രാഷ്ട്രീയ ലോക്ദളും അട്ടിമറി വിജയമാണ് നേടിയിരുന്നത്. ഈ കണക്കുകളും മഹാസഖ്യത്തിന്റെ രൂപീകരണത്തിന് കാരണമായി. മഹാസഖ്യത്തിന് മുന്‍കൈയ്യെടുത്തത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയായിരുന്നെങ്കിലും സഖ്യത്തില്‍ കോണ്‍ഗ്രസിനെ ചേര്‍ക്കാതെ മായാവതി താന്‍പോരിമകാട്ടി.
സോണിയയുടെ റായ്ബറേലിയും രാഹുലിന്റെ അമേത്തിയും മാത്രം കോണ്‍ഗ്രസിനു വിട്ടു നല്‍കാനേ മായാവതി സന്നദ്ധയായുള്ളൂ. നിലപാടില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കോണ്‍ഗ്രസും തയ്യാറായില്ല. പരമാവധി സീറ്റില്‍ അവരും ഒറ്റക്ക് മത്സരിച്ചു. പ്രതിപക്ഷം ഭിന്നിച്ചതാണ് ഇവിടെ ബിജെപിക്ക് രക്ഷയായത്. മതേതരവോട്ടുകള്‍ ഭിന്നിച്ചതോടെ ബി.ജെ.പിക്ക് മികച്ച വിജയം എളുപ്പമാവുകയായിരുന്നു.
ബി.ജെ.പിയുടെ വോട്ടുബാങ്കായ ബ്രാഹ്മണ വോട്ടുകള്‍ കോണ്‍ഗ്രസ് പിടിച്ചാല്‍ മികച്ച വിജയം നേടാമെന്നായിരുന്നു മഹാസഖ്യത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ എസ്.പിയും ബി.എസ്.പിയും കുത്തകയാക്കിവെച്ച ദലിത്, ആദിവാസി, ഒ.ബി.സി വോട്ടുബാങ്കിലാണ് വിള്ളലുണ്ടായത്.
ജാതി രാഷ്ട്രീയം തകര്‍ക്കുന്നതിന് വേണ്ടി ആസൂത്രതമായ പ്രചരണമാണ് യുപിയില്‍ ബിജെപി നടത്തിയത്. പാക്കിസ്ഥാനിലെ ബാലകോട്ടില്‍ മിന്നലാക്രമണം നടത്തിയ നരേന്ദ്രമോഡിയുടെ പ്രതിഛായ അവര്‍ വ്യാപകമായി ഉയര്‍ത്തിക്കാട്ടി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണപരാജയമടക്കമുള്ളവയൊന്നും മഹാസഖ്യത്തിന് അനുകൂലമായി വോട്ടായി മാറിയില്ല.
2014ല്‍ ഉത്തര്‍പ്രദേശിന്റെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന അമിത്ഷാ തന്നെയാണ് ഇത്തവണയും യു.പിയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. പരസ്പരം ശത്രുതയിലായിരുന്ന എസ്.പിയും ബി.എസ്.പിയും സഖ്യം ചേര്‍ന്ന് മത്സരിച്ചത് ഇരുപാര്‍ട്ടിയുടേയും നേതാക്കള്‍ക്കുപോലും രസിച്ചിരുന്നില്ല. സീറ്റ് മോഹികളായ നേതാക്കള്‍ക്ക് അവസരം ലഭിക്കാത്തതും വിനയായി. മഹാസഖ്യം നേട്ടംകൊയ്യുമെന്നു കരുതി പ്രധാനമന്ത്രി പദത്തിനായി ശ്രമിച്ച മായാവതിയെ പാലംവലിക്കാന്‍ മഹാസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു.
അണിയറയില്‍ എസ്.പി നേതാവ് മുലായംസിങ് യാദവ് മായാവതിക്കെതിരായി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രചരണത്തില്‍ മായാവതിക്കുനേരെ കടന്നാക്രമണം നടത്താന്‍ നരേന്ദ്രമോഡിയും അമിത്ഷായും തയ്യാറാവുകയും ചെയ്തു. ദലിത് വോട്ടുകള്‍ മായാവതിയില്‍ നിന്നും പിടിക്കാനുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റിയത്. ജാതി രാഷ്ട്രീയത്തിനു മുകളില്‍ ദേശീയത ഉയര്‍ത്തിയുള്ള ബി.ജെ.പി പ്രചരണം വിജയം കണ്ടതായാണ് യു.പിയിലെ ഫലം നല്‍കുന്ന സൂചന.
ഇതോടെ മഹാസഖ്യം ഇപ്പോള്‍ വലിയ പൊട്ടിതെറിയുടെ വക്കിലാണ്. പ്രാദേശിക എസ്.പി – ബി.എസ്.പി നേതാക്കള്‍ ഇപ്പോള്‍ തന്നെ പരസ്പരം ഉടക്കി കഴിഞ്ഞു. കോണ്‍ഗ്രസ്സ് ചതിച്ചെന്നാണ് അഖിലേഷും മായാവതിയും പറയുന്നത്.യാദവ – പിന്നോക്ക വോട്ടുകള്‍ തൂത്ത് വാരാമെന്ന പ്രതീക്ഷ തെറ്റിയതായി മഹാസഖ്യം നേതാക്കള്‍ വ്യക്തമാക്കി. രണ്ടു സീറ്റ് വിട്ട് നല്‍കിയിട്ടും കോണ്‍ഗ്രസ്സ് മുഖം തിരിച്ചത് ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ഇപ്പോള്‍ അവരുടെ നീക്കം. അതേസമയം ഒറ്റക്ക് മത്സരിച്ചിരുന്നു എങ്കില്‍ മികച്ച വിജയം നേടാമായിരുന്നു എന്ന അഭിപ്രായവുമായി മുലായം സിംഗ് യാദവും രംഗത്ത് വന്നിട്ടുണ്ട്.