sp-election-manifesto-release

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ യുപിയില്‍ കോണ്‍ഗ്രസ്സ് -സമാജ്‌വാദി പാര്‍ട്ടി സഖ്യത്തിന് ധാരണയായി. 403 സീറ്റുകളില്‍ കോണ്‍ഗ്രസ്സ് 105 സീറ്റുകളില്‍ മത്സരിക്കും. സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മല്‍സരിക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ് പ്രകടനപത്രിക പുറത്തിറക്കി. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയായതിനെ കുറിച്ചും അഖിലേഷ് വ്യക്തമാക്കി. ഉന്നത നേതാക്കള്‍ ഇടപെട്ട ചര്‍ച്ചയിലാണ് സഖ്യത്തെ കുറിച്ച് തീരുമാനമായതെന്ന് കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍ അറിയിച്ചു. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ മുലായം സിംഗ് യാദവ് പങ്കെടുത്തില്ല.

കോണ്‍ഗ്രസ്സ് -സമാജ്‌വാദി പാര്‍ട്ടി സഖ്യ സാധ്യതകള്‍ സീറ്റുവിഭജന ചര്‍ച്ചകളില്‍ തട്ടി വഴിമുട്ടിയതോടെ പ്രശ്‌നപരിഹാരത്തിനായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ഇടപെടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. 100 കൂടുതല്‍ സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആവശ്യം. അന്തിമ ചര്‍ച്ചകളില്‍ ഈ ആവശ്യത്തിന് സമാജ്‌വാദി പാര്‍ട്ടി വഴങ്ങുകയായിരുന്നു.

കോണ്‍ഗ്രസ്സും സമാജ്‌വാദിയും ചേരുന്നത് വിജയ ഫോര്‍മുലയാകുമെന്ന് ഇരു കൂട്ടരും നേരത്തെ അവകാശപ്പെട്ടിരുന്നു. യുപി പിടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ഇനി കൂടുതല്‍ കരുത്ത് വേണ്ടി വരും.

Top